കിസ്മത്തിന് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിൽ വിനായകൻ നായകനാകുന്നു. ഫ്രാൻസിസ് നൊറോണയുടെ ഇതേപേരിലുള്ള പുസ്തകം ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഏഴു കഥകളുടെ സമാഹാരമാണ് തൊട്ടപ്പൻ. ഫ്രാൻസിസ് നെറോണയും പി.എസ്. റഫീഖും ചേർന്ന് തിരക്കഥ രചിക്കുന്നു. ഷൂട്ടിംഗ് 13ന് എറണാകുളത്ത് തുടങ്ങി. പുതുമുഖം പ്രിയംവദ നായികയാകുന്ന ചിത്രത്തിൽ ലാൽ, മനോജ് കെ. ജയൻ, ദിലീഷ് പോത്തൻ, റോഷൻ മാത്യു, സുനിൽ സുഖദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ ദേവദാസ് കടാഞ്ചേരി, ശൈലജ മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിനായകനും ലീല എൽ. ഗിരിക്കുട്ടനും ചേർന്നാണ് സംഗീതം നൽകുന്നത്.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകൻ വിക്രം നായകനാകുന്ന തമിഴ് ചിത്രം ധ്രുവനച്ചത്തിരത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതയായ ലീല സംവിധാനം ചെയ്യുന്ന കരിന്തണ്ടനിൽ നായകനായും വിനായകൻ പ്രത്യക്ഷപ്പെടുന്നുണ്ട്.