reshma

കണ്ണൂർ: 41 ദിവസത്തെ വ്രതവുമെടുത്ത് കെട്ടുംകെട്ടി ശബരിമലയ്‌ക്കു പോകാനുള്ള ഒരുക്കത്തിലാണ് കണ്ണൂർ കണ്ണപുരം അയ്യോത്ത് സ്വദേശി രേഷ്മ നിശാന്ത് (33). ആര് എതിർത്താലും ശബരിമലയ്‌ക്കു പോകുമെന്ന ഉറച്ച തീരുമാനത്തിലാണവർ. ശബരിമലയ്‌ക്ക് പോകാൻ തയ്യാറാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രേഷ്മ കണ്ണപുരം പൊലീസിൽ അപേക്ഷയും നൽകി. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രേഷ്മയുടെ തയ്യാറെടുപ്പ്. വ്രതാനുഷ്ഠാനവും തുടങ്ങി. തീരുമാനത്തിന് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടെന്നും വൃശ്ചികം ഒന്നിന് മലചവിട്ടണമെന്നാണ് ആഗ്രഹമെന്നും രേഷ്മ പറഞ്ഞു. കണ്ണൂരിലെ ഒരു കോ- ഓപറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് നിഷാന്തും പൂർണ പിന്തുണ നൽകിയിട്ടുണ്ട്.

എന്നാൽ മലയ്‌ക്ക് പോകുന്ന വിവരം ഫേസ്ബുക്കിൽ കുറിച്ചിട്ടതോടെ പ്രതിഷേധ പ്രകടനവും ശരണംവിളികളുമായി ഒരു സംഘം കഴി‌ഞ്ഞദിവസം അർദ്ധരാത്രി രേഷ്മയുടെ വീടിനു മുന്നിലെത്തി. കൂടാതെ സോഷ്യൽമീഡിയയിലൂടെ തെറിവിളിയും ഭീഷണിയുമുണ്ടായി. ഇതേ തുടർന്നാണ് രേഷ്മയും കുടുംബവും പൊലീസിനെ സമീപിച്ചത്. സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്ന് രേഷ്മ കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ കുറിച്ചിരുന്നു.

മത്സ്യവും മാംസവും വെടിഞ്ഞ് ഭർതൃസാമീപ്യത്തിൽ നിന്നകന്നാണ് അയ്യപ്പദർശനത്തിനായി രേഷ്മ തയ്യാറെടുക്കുന്നത്. വർഷങ്ങളായി മുടങ്ങാതെ മണ്ഡല വ്രതം അനുഷ്ഠിക്കാറുണ്ടെന്നും പാരലൽ കോളേജ് അദ്ധ്യാപികയായ രേഷ്മ പറയുന്നു. വിശ്വാസികളായ ആരെങ്കിലും ശബരിമലയിലെത്താൻ ശ്രമിച്ചാൽ സുരക്ഷയൊരുക്കുമെന്ന സർക്കാർ ഉറപ്പ് വിശ്വസിച്ചാണ് യാത്രയ്ക്കൊരുങ്ങുന്നത്. അതിനാൽ സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നു. തനിക്കൊപ്പം നാലുപേർ കൂടി ശബരിമലയിലേക്കുണ്ടെന്നും രേഷ്മ വെളിപ്പെടുത്തി. സുരക്ഷാകാരണങ്ങളാൽ അവരുടെ പേര് ഇപ്പോൾ പറയുന്നില്ലെന്നും രേഷ്മ പറഞ്ഞു.