സീറ്റിൽ: ബിൽ ഗേറ്റ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോൾ അലൻ അന്തരിച്ചു. 65 വയസായിരുന്നു. രക്താർബുദത്തെ തുടർന്ന് അമേരിക്കയിലെ സീറ്റിലിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2009ലാണ് അലന് അർബുദരോഗം സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സയിലൂടെ അസുഖം ഭേദമായെങ്കിലും രണ്ടാഴ്ച മുന്പ് രോഗം പെട്ടെന്ന് മൂർച്ഛിക്കുകയും ആരോഗ്യനില അപകടത്തിലാകുകയും ചെയ്തു.
സ്‌കൂൾ കാലത്താണ് പോൾ അലനും ബിൽഗേറ്റ്സും സുഹൃത്തുക്കളായത്. ഈ സൗഹൃദമാണ് 1975ൽ മൈക്രോസോഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിലേക്ക് എത്തിയത്. മൈക്രോസോ്ഫ്റ്റിന്റെ ജനപ്രിയ സോഫ്‌റ്റ്‌വെയറുകളായ എം.എസ് ഡോസ്, വേർഡ് തുടങ്ങിയവയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം അലനായിരുന്നു. ബിൽ ഗേറ്റ്സുമായുണ്ടായ സ്വരച്ചേർച്ചയില്ലായ്‌മയെ തുടർന്ന് 1983ൽ മൈക്രോസോഫ്റ്റിൽ നിന്ന് വിട്ടു.അലൻ ഇല്ലായിരുന്നെങ്കിൽപേഴ്സണൽ കമ്പ്യൂട്ടിംഗ് എന്ന ആശയം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് ബിൽ ഗേറ്റ്സ് അനുസ്‌മരിച്ചു.
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 46ആം സ്ഥാനത്തായിരുന്ന പോൾ, മനുഷ്യസ്‌നേഹിയും സംഗീതജ്ഞനും കായിക പ്രേമിയുമായിരുന്നു. സീറ്റിൽ സീഹോക്സ് എന്ന ഫുട്‌ബോൾ ടീമിന്റെയും പോർട്‌ലാൻജ് ട്രെയിൽ ബ്ലേസേഴ്സ് എന്ന വോളിബോൾ ടീമിന്റെയും ഉടമസ്ഥനായിരുന്നു. അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബ്രെയിൻ സയൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെൽ സയൻസ്, സ്‌ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായിരുന്നു.