കൊച്ചി: വനിതാകൂട്ടായ്‌മയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താരസംഘടനയായ അമ്മയിൽ അസ്വാരസ്യങ്ങൾ പുകയവെ പുതിയ വിവാദത്തിന് തിരികൊളുത്തി നടൻ ഷമ്മി തിലകനും. തനിക്ക് അയ്യായിരം രൂപ പെൻഷനായി അമ്മ തന്നത് സിനിമയിൽ നിന്നും റിട്ടയർ ചെയ്യിക്കാനാണോ എന്ന് ഷമ്മി പ്രതികരിച്ചു.റിട്ടയർമെന്റ് സ്‌കീം എന്ന നിലയിലാണ് തന്നതെങ്കിൽ തനിക്കതിന്റെ ആവശ്യമില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ അത് തിരിച്ചു നൽകിയെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
'മുപ്പതുവർഷത്തോളമായി സിനിമയിൽ കലാകാരനായി തുടരുന്ന വ്യക്തിയാണ് ഞാൻ. അമ്മയുടെ ഫൗണ്ടർ മെമ്പറാണ്. അമ്മയ്‌ക്ക് അഞ്ച് കോടി നേടിക്കൊടുത്ത ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചയാളാണ് ഞാൻ. ഇത്ര വർഷങ്ങൾക്കുശേഷം ഞാൻ റിട്ടയർ ചെയ്യണമെന്ന രീതിയിലാണോ എനിക്ക് 5000 രൂപ നൽകിയത്? കൈനീട്ടമെന്നാണ് അതിന് നൽകിയിരിക്കുന്ന പേര്. വാസ്‌തവത്തിൽ അത് റിട്ടയർമെന്റ് സ്‌കീമാണ്.
എന്തിനാണ് പ്രതിമാസം 5000 രൂപ അമ്മ നൽകുന്നതെന്ന് വ്യക്തമാക്കണം. സിനിമയില്ലാത്തതുകൊണ്ടാകണം. അസോസിയേഷന്റെ റിട്ടയർമെന്റ് സ്‌കീമായിട്ടാണ് ഈ തുക നൽകിയത്.കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തിൽ അത് തിരിച്ചു നൽകുകയും ചെയ്‌തു'- ഷമ്മി പറഞ്ഞു.
മോഹൻലാലിൽ തനിക്ക് പൂർണ വിശ്വാസമാണെന്നും, അച്ഛന്റെ വിഷയം പരിഹരിക്കാമെന്ന് കഴിഞ്ഞ ആഴ്‌ചയും അദ്ദേഹം ഉറപ്പു നൽകിയെന്നും ഷമ്മി കൂട്ടിച്ചേർത്തു.