തിരുവനന്തപുരം: യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കി വിവിധ ഡിപ്പോകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ടിക്കറ്റ് റിസർവേഷൻ സംവിധാനം കുടുംബശ്രീയെ ഏൽപിച്ചതിൽ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയൻ സംഘടനകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്.
സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. തിരുവനന്തപുരം തന്പാനൂർ ഡിപ്പോയിൽ സമരം നടത്തിയെങ്കിലും പിന്നീട് പിൻവലിച്ചു. എന്നാൽ കോട്ടയം അടക്കമുള്ള മറ്റ് ജില്ലകളിൽ സമരം തുടരുകയാണ്.
തിരുവനന്തപുരത്തെ ഉപരോധ സമരത്തിനിടെ നേരിയ തോതിൽ സംഘർഷമുണ്ടായി. കുടുംബശ്രീ ജീവനക്കാർ പ്രവേശിക്കുന്നത് തടയുന്നതിനായി കൗണ്ടറുകൾക്ക് മുന്നിലാണ് ഇവർ സമരം നടത്തിയത്. തുടർന്ന് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചു. ഇതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.