മലയാള സിനിമയുടെ യൂത്ത് ഐക്കൺ പൃഥ്വിരാജിന് വ്യത്യസ്‌തമായ പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് ഭാര്യ സുപ്രിയ. ലൂസിഫർ സിനിമയുടെ ചിത്രീകരണത്തെ ഒാർത്തെടുക്കാൻ ഒരു സ്‌പെഷ്യൽ കേക്കാണ് സുപ്രിയ പൃഥ്വിക്കായി ഒരുക്കിയത്. കേക്കിന് മുകളിൽ പൃഥ്വിയുടെ കാലിൽ കെട്ടിപ്പിടിച്ചിരിക്കുന്ന കുഞ്ഞ് അല്ലിയെയും (അലംകൃത) കാണാം. ഇതിനെ കുറിച്ച് പൃഥ്വി തന്നെ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
'സുപ്രിയ തയ്യാറാക്കിയ പിറന്നാൾ കേക്ക് രുചികരം മാത്രമല്ല, ലൂസിഫറിന്റെ ചിത്രീകരണത്തെ ഓർമ്മിപ്പിക്കുന്നതു കൂടിയാണ്. ആ സമയം സായികുമാറും വിവേക് ഒബ്‌റോയിയും തമ്മിലുള്ള ഒരു സീൻ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ കുഞ്ഞ് അല്ലിക്ക് എന്നെ വീട്ടിലേക്ക് കൊണ്ടു പോകണം. അതിനായവൾ കാലിൽ പിടിച്ച് വലിക്കുകയാണ്. എന്തായാലും ഞങ്ങൾ മൂന്ന് പേരുടെയും ജന്മദിനം ലൂസിഫറിന്റെ സെറ്റിൽ തന്നെ ആഘോഷിക്കാൻ കഴിഞ്ഞു'- പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.
'എന്റെ ജീവിതത്തിന്റെ ഏറ്റവും 'അമേസിംഗ്' ആയ പുരുഷന് പിറന്നാൾ ആശംസകൾ' എന്നാണ് സുപ്രിയ കുറിച്ചത്.
'ധാരാളം 'മൈൽസ്‌റ്റോണുകൾ' കൊണ്ട് നിറഞ്ഞതാണ് തിരക്കുള്ള ഈ വർഷം. നമ്മുടെ ആദ്യ നിർമ്മാണ സംരംഭമായ 'നയൻ', നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫർ എന്നിവ ഒരുങ്ങുന്നു. ഇതിനെക്കാളും വലിയ സന്തോഷമില്ല. ലോകത്തെ എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കൂടെ നിങ്ങൾ ഏറ്റവും അർഹിക്കുന്ന 'റസ്റ്റും' കുടുംബത്തോടൊപ്പമുള്ള സമയവും', സുപ്രിയ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
തന്റെ അനിയന് ജന്മദിനം ആശംസിച്ചുകൊണ്ട് ഇന്ദ്രജിത്തും എത്തി. 'ഹാപ്പി ബർത്ത് ഡേ രാജു, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാർത്ഥ്യമാവട്ടേ' എന്നായിരുന്നു ഇന്ദ്രന്റെ ആശംസ. ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് സുഹൃത്തും, ലൂസിഫറിന്റെ കാമറാമാനുമായ സുജിത്ത് വാസുദേവ് പൃഥ്വിക്ക് ആശംസകൾ നേർന്നു.
2002ൽ രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി സിനിമാ ലോകത്തെത്തിയത്. തുടർന്നിങ്ങോട്ടുള്ള 16 വർഷങ്ങൾക്കിടെ നൂറിലധികം ചിത്രങ്ങളിൽ വ്യത്യസ്‌തങ്ങളായ നിരവധി വേഷങ്ങളിൽ രാജു എത്തി. വിമർശിച്ചവരെ കൊണ്ട് തന്നെ കൈ അടിപ്പിക്കാനും കഴിഞ്ഞു എന്നാതാണ് പൃഥ്വിരാജ് എന്ന നടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കിയത്. സിനിമയ്‌ക്ക് പുറത്തായാലും അകത്തായാലും തന്റെ നിലപാടുകൾ വ്യക്തതയോടെ പറയാൻ ഈ നടന് സാധിച്ചു. തിരക്കിൽ നിന്ന് തിരക്കിലേക്ക് കുതിക്കുമ്പോഴും സംവിധായകന്റെ കുപ്പായമണിഞ്ഞ് മലയാള സിനിമകണ്ട എക്കാലത്തെയും സൂപ്പർതാരത്തെ കാമറയ്‌ക്ക് മുന്നിലും പിന്നിലും നിന്ന് നിയന്ത്രിക്കുയാണയാൾ.