ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എന്താണോ അത് നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിധി മറികടക്കാൻ നിയമനിർമാണം നടത്തില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകൾക്കും ഉണ്ടെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഹിന്ദു ധർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ഒരു കമമിഷനെ വച്ച് അഭിപ്രായം തേടണമെന്ന് വരെ കോടതിയിൽ ആവശ്യപ്പെട്ടതാണ്. പുരുഷനോടൊപ്പം തന്നെ സ്ത്രീയ്ക്കും എല്ലാ അവകാശവുമുണ്ടെന്ന നിലപാടാണ് സർക്കാരിന്റേത്. എന്നാൽ അതുപ്രകാരം ഏതെങ്കിലും നിയമനിർമാണത്തിനു പോകാനും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയതാണ്. കോടതി വിധി നടപ്പാക്കുക എന്നതാണ് 1991ലും സ്വീകരിച്ചത്. അതിനാൽ തന്നെ ഇനി അത് മാറ്റിപ്പറയാനാകില്ല. വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകില്ല. ദേവസ്വം ബോർഡ് ഹർജി നൽകുമോയെന്ന കാര്യം അവരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ശബരിമലയിലേക്ക് പോയ കാർ യാത്രക്കാരെ സ്ത്രീകൾ പരിശോധിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു, ശബരിമലയിലേക്ക് പോകുന്നവരെ പരിശോധിക്കാൻ ആർക്കും അവകാശമില്ല. അങ്ങനെയുണ്ടായാൽ കർശന നടപടിയുണ്ടാകും. വിശ്വാസികൾക്ക് എപ്പോഴും അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നടത്തണം. അതിന് തടസം വരുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. സാധാരണ ശബരിമലയിൽ പോകുന്നവർ ശാന്തമായി മടങ്ങി വരാറുണ്ട്. അതിന് ഭംഗം വരുന്ന എന്തെങ്കിലും ഉണ്ടാകുന്നത് സർക്കാർ അംഗീകരിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികൾക്ക് കാര്യമായ സഹായവും സംരക്ഷണവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് തടസ്സമായി നിൽക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ല. വിശ്വാസത്തിന്റെ ഭാഗമായി ശബരിമലയിൽ പോകുന്നയാളുകൾ ശാന്തമായി പോയി ശാന്തമായി തിരിച്ചുവരികയാണ് ചെയ്യുന്നത്. അതിനുള്ള സാഹചര്യം ഇപ്പോഴുമുണ്ട്. വിശ്വാസികൾക്ക് ശബരിമലയിൽ പോകാനും പ്രാർത്ഥന നടത്താനും സൗകര്യമൊരുക്കും. സ്ത്രീകളെ പിച്ചിച്ചീന്തുമെന്നും ഭരണഘടന കത്തിക്കുമെന്നുമൊക്കെ ഉത്തരവാദിത്വപ്പെട്ടവർ പറയാമോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.