പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിലായതിനെത്തുടർന്നുള്ള ഗോവയിലെ രാഷ്ട്രീയ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച കോൺഗ്രസിന് തിരിച്ചടി. രണ്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുന്നതിനായി ഡൽഹിയിലേക്ക് തിരിച്ചെന്നാണ് സൂചന. എം.എൽ.എമാരായ ദയാനന്ദ് സോപ്തെയും സുഭാഷ് ഷിരോദ്കറുമാണ് ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുൻ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പർസേക്കറിനെ പരാജയപ്പെടുത്തിയ സ്ഥാനാർത്ഥിയായിരുന്നു ദയാനന്ദ് സോപ്തെ. മാൻഡ്രീം മണ്ഡലത്തിൽ നിന്നാണ് സോപ്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. അതേസമയം, ഷിരോദ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച എം.എൽ.എയാണ് സുഭാഷ് ഷിരോദ്കർ.
ഗോവയിൽ സർക്കാർ രൂപീകരിക്കാൻ മുഖ്യ പ്രതിപക്ഷമായ തങ്ങളെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മൃദുല സിൻഹയ്ക്കു കോൺഗ്രസ് നിവേദനം സമർപ്പിച്ചിരുന്നു. സർക്കാർ രൂപീകരണത്തിന്റെ സാദ്ധ്യതകൾ തേടാൻ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറിന്റെ നേതൃത്വത്തിൽ 16 കോൺഗ്രസ് എം.എൽ.എമാർ രാജ്ഭവനിലെത്തി കത്ത് സമർപ്പിക്കുകയായിരുന്നു. മറ്റുകക്ഷികളിൽ നിന്നും ഏതാനും എം.എൽ.എമാർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവസരം നൽകിയാൽ 40 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരുക്കമാണെന്നുമാണ് കവ്‌ലേക്കർ വ്യക്തമാക്കിയത്.