സെപ്റ്റംബർ 10 മുതൽ 16 വരെ പൂനയിൽ വച്ച് ബിംസ്റ്റകിന്റെ (Bay of Bengal Initiative for Multi- Sectoral Technical & Economic Co- operation) ആഭിമുഖ്യത്തിൽ നടന്ന ആദ്യ സംയുക്ത സൈനികാഭ്യാസത്തിൽ (MILEX- 18) നിന്നും പിൻമാറിക്കൊണ്ടുള്ള നേപ്പാളിന്റെ തീരുമാനം ഇന്ത്യയ്ക്ക് നയതന്ത്രരംഗത്തുണ്ടായ വലിയ ആഘാതമായിരുന്നു. ഇന്ത്യക്ക് പുറമേ, ബംഗ്ലാദേശ്,ഭൂട്ടാൻ, നേപ്പാൾ, മ്യാൻമാർ, ശ്രീലങ്ക, തായ്ലൻഡ് രാജ്യങ്ങളാണ് ഏഴംഗ ബിംസ്റ്റകിലെ അംഗങ്ങൾ.
ഓഗസ്റ്റിൽ കാഠ്മണ്ഡുവിൽ ചേർന്ന സമ്മേളനത്തിലാണ് സൈനികാഭ്യാസത്തെ സംബന്ധിച്ച് പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തിയത്. സൈനികാഭ്യാസത്തിൽ പങ്കെടുക്കുമെന്ന് നേപ്പാൾ സൈനിക തലവൻ പ്രഖ്യാപിച്ചിരുന്നെങ്കിലും, അവസാന നിമിഷമുണ്ടായ രാഷ്ട്രീയ തീരുമാനത്തിലാണ് അഭ്യാസത്തിൽ നിന്നും പിൻമാറാൻ നേപ്പാൾ തീരുമാനിച്ചത്. പകരം ഇന്ത്യയെ ആശ്വസിപ്പിയ്ക്കാനായി, തായ്ലൻഡിനെപ്പോലെ മൂന്നംഗ നിരീക്ഷക സംഘത്തെയാണ് MILEX- 18 ലേയ്ക്ക് നേപ്പാൾ അയച്ചത്. നേപ്പാളിനോട് കൂടിയാലോചിക്കാതെ തീരുമാനം പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദിയുടെ നടപടിയോട് അനിഷ്ടം പ്രകടിപ്പിക്കുന്നതിനൊപ്പം, നേപ്പാളിനെ വഴിവിട്ട് സഹായിക്കുന്ന ചൈനയെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യവും ഈ പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.
ബന്ധത്തിലെ ഉയർച്ച-താഴ്ചകൾ
പരമാധികാര രാജ്യങ്ങളെന്ന നിലയിലുള്ള ബന്ധം ആരംഭിക്കുന്നത് 1950- ലെ ഇന്ത്യാ-നേപ്പാൾ സൗഹൃദ് ഉടമ്പടിയോെടയാണ്. അന്ന് നേപ്പാൾ ഭരിച്ചിരുന്നത് ഷാ രാജവംശത്തിലെ മഹേന്ദ്രരാജാവായിരുന്നു. ഇരുരാജ്യങ്ങളുടെയും സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയ ഉടമ്പടി പ്രകാരം ഏതെങ്കിലും വിദേശരാജ്യം, രാജ്യങ്ങളിലൊന്നിനെ അക്രമിച്ചാൽ, തുണയായി മറ്റേ രാജ്യം ഒപ്പമുണ്ടാകും.
മാവോ സേ തൂംഗിന്റെ നേതൃത്വത്തിലുളള കമ്മ്യൂണിസ്റ്റ് സർക്കാർ, ടിബറ്റിനെ ചൈനയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ കൈക്കൊണ്ടപ്പോഴാണ് ഇന്ത്യയുമായുള്ള ഉടമ്പടിയ്ക്ക് നേപ്പാൾ തയാറായത്. വാണിജ്യ -സൈനിക തലത്തിൽ ഇന്ത്യയ്ക്ക് അധീശത്വം നൽകുന്ന ഉടമ്പടിയ്ക്കെതിരെ അസംതൃപ്തി ഉണ്ടായെങ്കിലും നേപ്പാൾ ഇതൊരു പ്രശ്നമാക്കിയിരുന്നില്ല. എന്നാൽ, ജനാധിപത്യ അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തിയ നേപ്പാളി കോൺഗ്രസിന് ഇന്ത്യ നൽകിയ പിന്തുണ നേപ്പാൾ രാജവംശത്തെ, ഇന്ത്യയിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചു. ശീതയുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയുമായി ഇന്ത്യ സൗഹൃദം സ്ഥാപിച്ചപ്പോൾ, നേപ്പാൾ അമേരിക്കയുമായി സൗഹൃദം സ്ഥാപിച്ചു. 1975-ൽ സിക്കിം, ഇന്ത്യയോട് ചേർന്നപ്പോൾ, ഭയാശങ്കയിലായ നേപ്പാൾ ചൈനയുമായി ബന്ധം സ്ഥാപിക്കാൻ തുടക്കമിട്ടു. ഇന്ത്യയോട് അകൽച്ച തുടർന്ന നേപ്പാൾ 1989-ൽ നേപ്പാളി രൂപയെ ഇന്ത്യൻ രൂപയിൽ നിന്നും വേർപ്പെടുത്തി ഇന്ത്യയോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന കെ.പി.ഭടുറായിയുടെ നേതൃത്വത്തിൽ 1990-ൽ ഇന്ത്യയുമായി വീണ്ടും നല്ല ബന്ധത്തിന് തുടക്കമിട്ടു. 1991-ൽ ഇന്ത്യയും നേപ്പാളും പുതിയ വാണിജ്യ ഉടമ്പടിയിലും ഒപ്പുവച്ചു. പിന്നീടുള്ള കുറെ വർഷങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിച്ചു.
പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശയാത്ര നേപ്പാളിലേക്കായിരുന്നു. രണ്ട് ദശാബ്ദത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു അത്. നേപ്പാളുമായി നിരവധി വാണിജ്യ- ഊർജ്ജ കരാറുകളിൽ ഒപ്പ് വച്ച് മോദി ആ രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നടപടിക്ക് തുടക്കം കുറിച്ചു. ഈ അവസരത്തിലായിരുന്നു നേപ്പാളിനെ തകർത്ത ഭൂകമ്പമുണ്ടായത് . ഭൂകമ്പത്തിൽ വിറങ്ങലിച്ച നേപ്പാളിന് സഹായഹസ്തവുമായി ആദ്യമെത്തിയത് ഇന്ത്യയായിരുന്നു. ഇന്ത്യൻ വ്യോമസേനയും, സൈനികരും ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
വീണ്ടും അകലുന്നു
പ്രധാനമന്ത്രിയായിരുന്ന കെ.പി.ശർമ്മ ഒലിയുടെ നേതൃത്വത്തിൽ 2015-ൽ നേപ്പാളിന്റെ പുതിയ ഭരണഘടനാ രൂപീകരണ നടപടി എടുത്തപ്പോൾ ഇന്ത്യൻ വംശജരായ മധേസികൾ പ്രക്ഷോഭത്തിനിറങ്ങി. അതോടെ ഇന്ത്യാ-നേപ്പാൾ ബന്ധത്തിൽ വീണ്ടും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. 2015 ഒക്ടോബറിൽ മധേസികൾ നടത്തിയ റോഡ് ഉപരോധം നേപ്പാളിനെ നിശ്ചലമാക്കി. നേപ്പാളിനുള്ള അവശ്യ സാധനങ്ങളെല്ലാം ലഭിക്കുന്നത് ഇന്ത്യയിൽനിന്നോ കൊൽക്കത്ത, വിശാഖപട്ടണം തുറമുഖങ്ങളിലൂടെ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതിചെയ്തോ ആണ്. പെട്രോളിയം ഉൾപ്പെടെ ലഭിക്കാതിരുന്നപ്പോൾ , സർക്കാരിനൊപ്പം ജനങ്ങളും ഇന്ത്യയെക്കെതിരെ തിരിഞ്ഞു. മധേസികളുടെ പ്രക്ഷോഭത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് അവർ വിശ്വസിച്ചു. ഭരണഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നടപടികളും, നീക്കങ്ങളും ഭൂരിപക്ഷജനതയുടെ താത്പര്യത്തിനെതിരാണെന്നുള്ള ധ്വനിയുണ്ടായി, നേപ്പാൾ ചൈനയുമായി കൂടുതൽ അടുത്തു. ചൈനയുടെ 'ഒരു മേഖല ഒരു പാത' പദ്ധതിയെ ഇന്ത്യ എതിർത്തപ്പോൾ കൂടുതൽ ശക്തമായ വാണിജ്യ ബന്ധം സ്ഥാപിക്കാൻ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ടിബറ്റിൽ നിന്നും കാഠ്മണ്ഡുവിലേയ്ക്ക് റെയിൽവേ ലൈൻ, പുതിയ റോഡ് ഉൾപ്പെടെ ഉടമ്പടികളിലും നേപ്പാൾ ഒപ്പുവെച്ചു.
മനോഭാവമാണോ തടസം?
2017 അവസാനം നടന്ന തെരഞ്ഞെടുപ്പിൽ കെ.പി.ശർമ്മ ഒലി ഇടക്കാലത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയായി. കീഴ്വഴക്കമനുസരിച്ച് ആദ്യ വിദേശസന്ദർശനം ഇന്ത്യയിലേക്കായിരുന്നെങ്കിലും വൈകാതെ അദ്ദേഹം ചൈന സന്ദർശിക്കുകയും തന്ത്രപ്രധാനമായ ഉടമ്പടികളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഉപരോധമുണ്ടായാൽ അവശ്യസാധനങ്ങൾ ലഭ്യമല്ലാതാകരുതെന്ന് നേപ്പാൾ ആഗ്രഹിക്കുന്നു. ഇന്ത്യയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന നയപരമായ തീരുമാനത്തിലാണ് ചൈനയുമായുള്ള സഹകരണം ശക്തമാക്കുന്നത്. നേപ്പാളും ചൈനയും കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട കരാറനുസരിച്ച് ചൈനയിലെ ടിയാൻജിൻ, ഷെൻഷെൻ ഉൾപ്പെടെയുള്ള ഏത് തുറമുഖം വഴിയും നേപ്പാളിന് ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യാം. ഈ തുറമുഖങ്ങളിൽ നിന്നും നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ സാധന സാമഗ്രികൾ എത്തിയ്ക്കാൻ റോഡ് നിർമ്മാണം ഉൾപ്പെടെ പശ്ചാത്തലസൗകര്യം ഒരുക്കാനും ചൈന കരാർ ഒപ്പിട്ടു. ഉപഭൂഖണ്ഡത്തിലെ വൻശക്തിയാണെന്നുള്ള ധാർഷ്ഠ്യത്തോടെ അയൽരാജ്യങ്ങളെ സമീപിക്കുന്നതിന്റെ ദുരന്തഫലമാണ് അയൽപ്പക്കബന്ധത്തിൽ നാം അനുഭവിക്കുന്നത്. പരമാധികാരമുള്ള സ്വതന്ത്രരാജ്യങ്ങളാണ് ഇവയെന്ന് ഉൾക്കൊണ്ടുള്ള നയതന്ത്രമാണ് ഇന്ത്യ അവലംബിക്കേണ്ടത്. എങ്കിൽ മാത്രമേ നേപ്പാൾ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുന:സ്ഥാപിയ്ക്കാനാകൂ.
ലേഖകന്റെ ഫോൺ : 9847173177