ന്യൂഡൽഹി: പട്ടാപ്പകൽ യുവതിക്ക് നേരെ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. ബി.എസ്.പി നേതാവും മുൻ എം.പിയുടെ മകനുമായ ആശിഷ് പാണ്ഡെയാണ് യുവതിക്ക് നേരെ അതിക്രമിച്ചെത്തുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. ഡൽഹിയിലെ ഒരു ഫൈവ് സ്‌റ്റാർ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
നിശാപാർട്ടിക്ക് ശേഷം വാഷ് റൂമിൽ കടന്ന ആശിഷ് ഇതിന്റെ പേരിൽ യുവതിയുമായി തർക്കത്തിലേർപ്പെട്ടു. ഇയാൾ പിന്നീട് യുവതിയെ അസഭ്യം പറയുകയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെൺസുഹൃത്തും സുരക്ഷാഉദ്യോഗസ്ഥനും ചേർന്ന് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത് വീഡയോ ദൃശ്യങ്ങളിൽ കാണാം. അവരോടും തർക്കത്തിന് മുതിർന്ന യുവാവിനെ ഹോട്ടൽ ജീവനക്കാർ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആശിഷ് പാണ്ഡെയ്‌ക്കെതിരെ കേസെടുക്കുമെന്നും, ഉടൻ ഇയാളെ അറസ്‌റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.