protest-on-sabarimala
sabarimala

1 ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതിവിധി നടപ്പാക്കും എന്ന് മുഖ്യമന്ത്രി പിണറായി. ഇക്കാര്യത്തിൽ നിയമ നിർമ്മാണം ഇല്ല. സ്ത്രീ പ്രവേശനത്തിൽ കോടതി വിധി നടപ്പാക്കുക ആണ് സർക്കാർ ലക്ഷ്യം. മലകയറുന്ന സ്ത്രീകളെ തടയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. നിലയ്ക്കൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകൂ. തീർത്ഥാടകർക്ക് പമ്പയിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി പൊലീസ്.


2. വേണമെങ്കിൽ വനിതാ പൊലീസുകാരോട് മല കയറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ വനിതാ തീർത്ഥാടകർ എത്തുന്ന പക്ഷം സന്നിധാനത്തും വനിതാ പൊലീസുകാരെ വിന്യസിക്കും. പമ്പയിലും സന്നിധാനത്തും യാതൊതു പ്രതിഷേധങ്ങളും അനുവദിക്കില്ലെന്നും പൊലീസ് വൃത്തങ്ങൾ. കരുതലോടെ സാഹചര്യം നേരിടാൻ ദേവസ്വം ബോർഡിനും പൊലീസിനും സർക്കാർ നിർദ്ദേശം.


3. അതിനിടെ, സ്ത്രീ പ്രവേശന വിഷയം മുഖ്യ അജണ്ടയാക്കി ദേവസ്വം ബോർഡിന്റെ നിർണായക അനുരഞ്ജന ചർച്ച പുരോഗമിക്കുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ പന്തളം കൊട്ടാരം പ്രതിനിധി, തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം എന്നിവർ പങ്കെടുക്കുന്നു. വിഷയത്തിൽ നിലപാടിൽ അയവ് വരുത്താതെ ഇരു കൂട്ടരും നിൽക്കുന്നതിനാൽ ചർച്ചയുടെ ഫലം പ്രവചനാതീതം.


4. നവകേരള നിർമ്മാണത്തിനായി സർക്കാർ വിപുലമായ ഒരുക്കങ്ങൾ നടത്തും എന്ന് മുഖ്യമന്ത്രി പിണറായി. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതി രൂപീകരിച്ചു. ഇതിനൊപ്പം മുഖ്യമന്ത്രി ചെയർമാനായ ഉപദേശക സമിതിക്കും രൂപം നൽകി മന്ത്രിസഭാ യോഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ഈ സമിതിയിൽ അംഗങ്ങളാവും.


5. പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായും സമയ ബന്ധിതമായും പൂർത്തിയാക്കും. എന്നാൽ മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമാകും നടപടികൾ അന്തിമമാക്കുക. ദുരന്തമുഖത്ത് പ്രകടിപ്പിച്ച ഐക്യം പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഘട്ടത്തിലും ഉണ്ടാകണം എന്നും യോജിപ്പിന്റെ അന്തരീക്ഷം എല്ലാ തലങ്ങളിലും സൃഷ്ടിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. കെ.പി.എം.ജിയുടെ സഹായം പുനർനിർമ്മാണ പദ്ധതികളുമായി ബന്ധപ്പെട്ട് എങ്ങനെ വേണം എന്ന് ഇനി ആലോചിക്കും എന്നും പിണറായി വിജയൻ.


6. അമ്മയുടെ ഔദ്യോഗിക വക്താവാര് എന്നതിനെ ചൊല്ലി തർക്കം തുടരുന്ന സാഹചര്യത്തിൽ അമ്മയിൽ ഭിന്നത. വക്താവ് ആരെന്നതിൽ തീരുമാനം ആയശേഷം പ്രതികരിക്കാം എന്ന് ഡബ്യു.സി.സി. നടിമാർ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് മോഹൻലാൽ അറിയിച്ചതായും സ്ഥിരീകരിക്കാത്ത വിവരം.


7. നടിമാരെ പിന്തുണച്ച് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. കെ.പി.എ.സി ലളിതയുടെ പ്രസ്താവന സ്ത്രീ വിരുദ്ധം. മാപ്പു പറയേണ്ടത് നടിമാർ അല്ല. പീഡനത്തെ ലഘൂകരിച്ച നിലപാട് ശരിയല്ല. നടിമാർക്ക് എതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം നടത്തും എന്നും ജോസഫൈൻ. അതിനിടെ ഡബ്ല്യൂ.സി.സി അംഗം അർച്ചന പദ്മിനിയുടെ മീടു ആരോപണത്തിൽ നടപടിയുമായി ഫെഫ്ക.


8. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ പ്രസിഡന്റിനേയും സെക്രട്ടറിയേയും ഫെഫ്ക വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചതായി വിവരം. ആരോപണ വിധേയനായ ഷെറിൻ സ്റ്റാൻലിയെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻസ് ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഷെറിനെ ജോലിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞില്ല എന്നാണു പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ഫെഫ്കയ്ക്കു നൽകിയ വിശദീകരണം. ബാദുഷാക്കെതിരെ നടപടി എടുക്കാനും യൂണിയനെ ഫെഫ്ക ചുമതലപ്പെടുത്തി.


9. വനിതാ മാദ്ധ്യമ പ്രവർത്തകരുടെ മീ ടൂ ക്യാമ്പെയിനിൽ ആദ്യ ആരോപണവുമായി രംഗത്ത് എത്തിയ പ്രിയാ രമണിയ്ക്ക് എതിരേ നിയമ നടപടിയുമായി വിദേശകാര്യ മന്ത്രി എം.ജെ. അക്ബർ രംഗത്ത്. അപകീർത്തി ആരോപിച്ച് പരാതി നൽകിയത്, ക്രിമിനൽ നടപടിക്ക്. വ്യാജവും ബാലിശവും അന്യായവും ഗൂഡാലോചനയുടെ പശ്ചാത്തലത്തിലുള്ളതുമായ ആരോപണങ്ങൾ ഉന്നയിച്ച് തന്റെ സൽപ്പേരും മാന്യതയും കളങ്കപ്പെടുത്തുന്നു എന്ന് പട്യാലഹൗസ് കോടതിയിൽ നൽകിയ പരാതിയിൽ എം.ജെ. അക്ബർ.


10. മുൻ സഹപ്രവർത്തക കൂടിയായ രമണി 2017 ൽ വോഗ് മാസികയിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ലേഖനം എഴുതുകയും, ഈ മാസം ആദ്യം നടത്തിയ ട്വീറ്റ് മറ്റ് മാദ്ധ്യമ പ്രവർത്തകർക്ക് കൂടി ആരോപണം ഉന്നയിക്കുന്ന രീതിയിലുള്ള ഒരു വഴക്കത്തിന് കാരണമായി എന്നും പരാതിയിൽ പരാമർശം. രമണിക്കെതിരെ രണ്ടു വർഷം വരെ തടവു ശിക്ഷയോ പിഴയോ രണ്ടുമോ ചുമത്തുന്ന രീതിയിലുള്ള നടപടികൾ എടുക്കണം എന്നും ആവശ്യം.


11നിക്കെതിരേ കെട്ടിച്ചമച്ച വ്യാജ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നും ഇത് പൊതുജനം, കുടുംബം, കൂട്ടുകാർ, സഹപ്രവർത്തകർ, രാഷ്ട്രീയ മണ്ഡലവും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും തന്റെ സൽപ്പേര് തകർത്തെന്നും പരാതിയിൽ എം.ജെ അക്ബർ. നിയമനടപടിയിൽ എഴുത്തുകാരിയെയും എഡിറ്ററെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തനിക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് എടുത്തതിലൂടെ അക്ബർ തന്റെ നിലപാട് വ്യക്തമാക്കി എന്ന് പ്രിയാ രമണി. സത്യമാണ് തന്റെ പ്രതിരോധം. അതുകൊണ്ട് തനിക്കെതിരേ ഉയർന്നിരിക്കുന്ന അപകീർത്തി കേസിൽ പൊരുതാൻ താൻ തയ്യാർ എന്നും പ്രതികരണം.