തിരുവനന്തപുരം: ടിക്കറ്റ് റിസർവേഷൻ സംവിധാനം കുടുംബശ്രീയെ ഏൽപിച്ചതിൽ പ്രതിഷേധിച്ച് വിവിധ ഡിപ്പോകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു. ടിക്കറ്റ് റിസർവേഷൻ സംവിധാനം കുടുംബശ്രീയെ ഏൽപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ജീവനക്കാർ സമരം പിൻവലിച്ചത്.
സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ സമരം നടത്തിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. എന്നാൽ കോട്ടയം അടക്കമുള്ള മറ്റ് ജില്ലകളിൽ സമരം തുടരുന്ന സാഹചര്യം വന്നതോടെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.