തിരുവനന്തപുരം: കേരള പുനർനിർമാണത്തിന്റെ ഭാഗമായി മന്ത്രിമാർ വിദേശത്തേക്ക് പോകുന്നത് കേന്ദ്ര സർക്കാർ തടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രയ്ക്കുള്ള അനുമതി ഒരുമിച്ചാണ് തേടിയത്. മുഖ്യമന്ത്രിയുടേത് അംഗീകരിക്കുകയും കേന്ദ്രം അനുമതി നൽകുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരത്തെ തന്നെ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. പോസിറ്റീവായ സമീപനമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. ഗുജറാത്ത് നേരിട്ട ദുരന്തത്തിന്റെ അനുഭവം അദ്ദേഹം തന്നോട് പങ്കുവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നൽകേണ്ടത് പ്രധാനമന്ത്രിയും മന്ത്രിമാരുടേത് വിദേശകാര്യ മന്ത്രാലയവുമാണ്. മുഖ്യമന്ത്രിയുടേത് ആദ്യം അംഗീകരിച്ചു. തുടർന്ന് മറ്റ് മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നൽകുമെന്നാണ് കരുതിയത്. അനുമതി നൽകില്ലെന്ന് കേന്ദ്രം ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
മന്ത്രിമാർക്ക് അന്യരാജ്യങ്ങളിൽ പോയി സഹായം സ്വീകരിക്കുന്നതിന് പരിമിതികളുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തിന് എന്ത് പറ്റിയെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.