തിരുവനന്തപുരം: ശബരിമല വിഷയങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ ചർച്ച പരാജയം. ദേവസ്വം ബോർഡിന് മുന്നിൽ തങ്ങൾ വച്ച നിർദ്ദേശങ്ങൾക്കൊന്നും തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെന്ന് ചർച്ച ബഹിഷ്‌കരിച്ച ശേഷം പുറത്തിറങ്ങിയ രാജകുടുംബം പ്രതിനിധി ശശികുമാർ വർമ്മ പറഞ്ഞു.
പന്തളം രാജകൊട്ടാരം, തന്ത്രി കുടുംബം, തന്ത്രി സമാജം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം എന്നീ സംഘടനകളാണ് ദേവസ്വം ബോർഡുമായി ചർച്ച നടത്തിയത്. നാളെ മാസപൂജകൾക്കായി ശബരിമല നടതുറക്കുകയാണ്. പ്രശ്‌നങ്ങൾ ഗുരുതരമാണെന്നും, അത് പരിഹരിക്കുന്നതിന് ദേവസ്വം ബോർഡ് മുൻകൈ എടുത്തു തന്നെ റിവ്യൂ ഹർജി നൽകണമെന്ന തങ്ങളുടെ ആവശ്യം ദേവസ്വം ബോർഡ് പരിഗണിച്ചില്ലെന്നും, 19ന് ബോർഡ് യോഗം കൂടിയതിന് ശേഷം മാത്രമെ അത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴികയുള്ളുവെന്ന നിലപാടാണ് ദേവസ്വം ബോർഡ് കൈകൊണ്ടതെന്നും ശശികുമാർ വർമ്മ പറഞ്ഞു.
ബോർഡിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും, ഏറെ ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.