sabarimala-meet

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ച ചെയ്യാൻ തന്ത്രികുടുംബവും പന്തളം കൊട്ടാരവും മറ്റ് സംഘടനകളുമായി ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ചർച്ച അലസിപ്പിരിഞ്ഞു. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ പന്തളം കൊട്ടാരപ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ചർച്ച പരാജയപ്പെട്ടതോടെ നാളെ തുലാമാസ പൂജയ്ക്ക് ശബരിമല നട തുറക്കാനിരിക്കെ സംഘർഷത്തിന്റെ അന്തരീക്ഷം ഒന്നുകൂടി മുറുകി.

ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകണമെന്നാണ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമയും തന്ത്രികുടുംബവും പ്രധാനമായും യോഗത്തിൽ ആവശ്യപ്പെട്ടത്. റിവ്യൂ ഹർജി നൽകുകയും അതിൽ തീരുമാനമാകുംവരെ തത്‌സ്ഥിതി തുടരണമെന്നും ശശികുമാർ വർമ ആവശ്യപ്പെട്ടു. എന്നാൽ 19ന് ചേരുന്ന ബോർഡ് യോഗത്തിൽ മാത്രമെ റിവ്യൂ ഹർജി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാനാകൂവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സുപ്രീം കോടതി അടച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1991ൽ ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ജസ്റ്റിസ് പരിപൂർണൻ പുറപ്പെടുവിച്ച വിധിന്യായം ഇപ്പോഴും നിലനിൽക്കുന്നതാണെന്ന കൊട്ടാരത്തിന്റെ വാദവും ദേവസ്വം ബോർഡ് തള്ളി. ഇതോടെയാണ് യോഗം ബഹിഷ്‌കരിക്കാൻ കൊട്ടാരം പ്രതിനിധികൾ തീരുമാനിച്ചത്.

ബോർഡിന്റെ നിലപാട് ദു:ഖകരമാണെന്നും ഉന്നയിച്ച ഒരാവശ്യവും ദേവസ്വം ബോർഡ് അംഗീകരിച്ചില്ലെന്നും ശശികുമാർ വർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയെ യുദ്ധക്കളമാക്കാൻ ആഗ്രഹമില്ലെന്നും പറഞ്ഞു.

പുന: പരിശോധന ഹർജിയെക്കുറിച്ചുള്ള തീരുമാനം 19 ന് ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും പന്തളം കുടുംബവും തന്ത്രി കുടുംബവും ഇതിന് തയ്യാറായില്ലെന്നും ഇതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും എ.പദ്മകുമാർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇനിയും പന്തളും കുടുംബവുമായും മറ്റ് സംഘടനകളുമായും ദേവസ്വം ബോർഡ് ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. റിവ്യൂ ഹർജി കൊടുക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ബോർഡ് ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നായിരുന്നു പത്മകുമാറിന്റെ മറുപടി.