മകളുടെ ആഗ്രഹ പൂർത്തീകരണത്തിനായി 22 വർഷം തങ്ങളെ പോറ്റിവളർത്തിയ നാടിനെ വിട്ട് വന്നവരാണ് അടൂർ സ്വദേശി ആനന്ദനും ഭാര്യ സുജാതയും. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷ അസ്ഥാനത്താകരുതെന്ന പ്രാർത്ഥന സഫലമായതിന്റെ സന്തോഷത്തിലാണ് ശരണ്യ ആനന്ദ്. ശരണ്യ നായികയാകുന്ന മൂന്നാമത്തെ ചിത്രം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ചെറിയ വേഷങ്ങളിലൂടെ നായികയായി എത്തിയ താരമാണ് ശരണ്യ. എ ഫോർ ആപ്പിളിലെ നായികയായ ശരണ്യയുടെ വിശേഷങ്ങളിലേക്ക്.
അതിഥി വേഷത്തിൽ നിന്ന് നായികയിലേക്ക്?
ശരിക്കും സന്തോഷത്തിലാണ്. സിനിമയുമായി ഒരു ബന്ധവുമുള്ള കുടുംബമല്ല എന്റേത്. എന്നിട്ടും അച്ഛനും അമ്മയും എന്റെ ആഗ്രഹത്തിന് പൂർണ പിന്തുണ നൽകി. ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ ഗുജറാത്തിലായിരുന്നു. സിനിമാ മോഹം കൂടുതലായപ്പോഴാണ് ഞങ്ങൾ കേരളത്തിലേക്ക് വരാൻ തീരുമാനിച്ചത്. അമ്മയുടെ നാടായ എടത്വയിലേക്കാണ് ഞങ്ങൾ വന്നത്. കുഞ്ഞുനാളിൽ തന്നെ നടിയാകണമെന്ന് മോഹമുണ്ടായിരുന്നു. അന്നൊക്കെ ചില ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നെ പഠിത്തത്തിലേക്ക് ശ്രദ്ധതിരിച്ചു. വർഷങ്ങൾ കഴിഞ്ഞും ആ മോഹം ശക്തമായിതന്നെ നിലനിൽക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കളും പിന്തുണച്ചു. മലയാളവും ഹിന്ദിയും കലർത്തിയായിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത്. നാട്ടിൽ വന്ന് ആദ്യം ചെയ്തത് മലയാളം സംസാരഭാഷയാക്കുക എന്നതായിരുന്നു. ഇപ്പോൾ നന്നായി മലയാളം പറയും. വായിക്കാനും എഴുതാനും അറിയില്ലെന്നേയുള്ളൂ. അതും പഠിക്കും.
കൊച്ചിയിൽ നാലു വർഷമായി സ്ഥിര താമസമാക്കിയിട്ട്. അതിൽ രണ്ടു വർഷവും മലയാള സിനിമയെക്കുറിച്ച് പഠിക്കാനാണ് ഞാൻ വിനിയോഗിച്ചത്. അതിനു ശേഷമാണ് സജീവമായി ഇറങ്ങിയത്. ആദ്യമായി അവസരം ലഭിച്ചത് മേജർ രവി സാറിന്റെ ചിത്രത്തിലാണ്. 1971 ബിയോണ്ട് ദ ബോർഡറിൽ മോഹൻലാൽ സാറിനൊപ്പം മിലിട്ടറി നഴ്സായി അഭിനയിച്ചു. അത്തരം ബാനറുകളിൽ ഒരു ചെറിയ കഥാപാത്രമായാലും ലഭിക്കുന്ന മൈലേജ് വളരെ വലുതാണ്. അതിനു ശേഷം മമ്മൂക്കയ്‌ക്കൊപ്പം ഒരു മാഗസീനു വേണ്ടി 12 യുവനായികമാരിൽ ഒരാളായി. അതും കരിയറിൽ കിട്ടിയ ഭാഗ്യമാണ്.
കൂടുതലും ജയറാം, ഉണ്ണി മുകുന്ദൻ ചിത്രങ്ങളായിരുന്നല്ലോ?
അതെ. അച്ചായൻസ്, ആകാശമിഠായി എന്നീ ചിത്രങ്ങളിലാണ് ജയറാമേട്ടനുമായി ഒന്നിച്ചഭിനയിച്ചത്. ഉണ്ണി മുകുന്ദന്റെ ചാണക്യ തന്ത്രത്തിലാണ് ശ്രദ്ധിക്കപ്പെടുന്ന ആദ്യ കഥാപാത്രം ലഭിക്കുന്നത്. എസ്.ഐ മീര. ചങ്ക്സിലെ സോണിയ മിസും പ്രേക്ഷകർ തിരിച്ചറിഞ്ഞ വേഷമാണ്. അതിനു ശേഷമാണ് നായികയാകാനുള്ള അവസരം തേടിയെത്തുന്നത്.
ആദ്യം നായികയായത് തനഹയിൽ?
ഷൂട്ടിംഗ് ആരംഭിച്ചത് തനഹയിലാണെങ്കിലും ആദ്യം റിലീസായത് നാസർ സംവിധാനം ചെയ്ത ലാഫിംഗ് അപ്പാർട്ട്‌മെന്റ് നിയർ ഗിരിനഗർ ആണ്. തനഹയിൽ എസ്.പി പോളി ഫിലിപ്പ് എന്ന കഥാപാത്രമായാണ് എത്തുന്നത്. എന്റെ രണ്ടാമത്തെ പൊലീസ് വേഷമാണിത്. നവംബർ മൂന്നിനാണ് തനഹ തിയേറ്ററുകളിലെത്തുന്നത്. നിലവിൽ മധു എസ്. കുമാർ സംവിധാനം ചെയ്യുന്ന എ ഫോർ ആപ്പിളിലാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഷീലാമ്മയുടെയും നെടുമുടി വേണു ചേട്ടന്റെയും മകളായാണ് അഭിനയിക്കുന്നത്.
എന്തൊക്കെയാണ് ഇഷ്ടങ്ങൾ?
നൃത്തം തന്നെയാണ് പ്രധാന ഇഷ്ടം. ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ടി.വിയിൽ കണ്ട് ചെയ്യുന്നു. നിരവധി സ്റ്റേജ് ഷോകൾ ചെയ്യുന്നുണ്ട്. യാത്രകൾ ഒട്ടും ഇഷ്ടമില്ല. പക്ഷേ സിനിമയുടെയും സ്റ്റേജ് ഷോയുടെയും ഭാഗമായി നിരവധി യാത്രകൾ ചെയ്യേണ്ടിവരുന്നുണ്ട്. പിന്നെ യാത്ര ചെയ്യുക അമ്പലങ്ങളിലേക്കാണ്. ഭക്ഷണമാണ് മറ്റൊരു ഇഷ്ടം. നോൺവെജ് ഭക്ഷണമാണേൽ നോ ലൈസൻസ്. ചിക്കൻ ബിരിയാണി, മുളകിട്ട മീൻകറി, കരിമീൻ പൊള്ളിച്ചത് ഒക്കെ എന്റെ നിയന്ത്രണങ്ങൾ നഷ്ടപ്പെടുത്തുന്ന ഭക്ഷണങ്ങളാണ്. പിന്നെ തടി വയ്ക്കാനും കുറയ്ക്കാനും കഴിയുമെന്നതാണ് ആകെയുള്ള അനുഗ്രഹം. എ ഫോർ ആപ്പിളിൽ രണ്ട് ഗെറ്റപ്പിലെത്തുന്നു. അതിലൊന്നിൽ കുറച്ച് തടി വേണം. അതിനായി ഒരാഴ്ച കൊണ്ട് തടി വച്ചു. അതുപോലെ കുറയ്ക്കുകയും ചെയ്തു.
സൗഹൃദങ്ങൾ?
സിനിമയിലെ സൗഹൃദം അനുശ്രീയുമായാണ്. അനിയത്തി ദിവ്യയാണ് വീട്ടിലെ കൂട്ട്. മറ്റു കൂട്ടുകാർ ഗുജറാത്തിലും നാട്ടിലുമുണ്ട്. അവർക്കൊപ്പം സമയം ചെലവഴിക്കുക എന്നത് വളരെ പ്രിയപ്പെട്ട കാര്യമാണ്.