issac

തിരുവനന്തപുരം: പ്രവാസി ചിട്ടിയിൽ ചേരാൻ പേർ രജിസ്​റ്റർ ചെയ്തവർക്ക് ഒക്ടോബർ 25ന് തന്നെ വരിസംഖ്യ അടച്ചു തുടങ്ങാം. ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം ആയിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുള്ളത്. 25, 30, 40, 50 മാസങ്ങളായിരിക്കും കാലാവധി. ഇതിൽ ഏതു ചിട്ടിയാണ് തങ്ങൾക്ക് അനുയോജ്യമായതെന്ന് നിർദ്ദേശിക്കാൻ വെബ്‌സൈ​റ്റിൽ സൗകര്യമൊരുക്കും.ഇതിനനുസരിച്ചായിരിക്കും ചിട്ടികളുടെ അന്തിമരൂപം പ്രഖ്യാപിക്കുകയെന്ന് ധനകാര്യ മന്ത്റി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.


തുടക്കത്തിൽ യു.എ.ഇയിൽ ഉള്ളവർക്കായിരുന്നു രജിസ്​റ്റർ ചെയ്യാൻ അവസരം ഒരുക്കിയിരുന്നത്. ഒക്ടോബർ 25 മുതൽ മ​റ്റ് ജി.സി.സി രാജ്യങ്ങളിലുള്ളവർക്കും കസ്​റ്റമർ രജിസ്ട്രേഷന് സൗകര്യം ലഭിക്കും. ഇവർക്കാണ് തുടർന്ന് പണമടച്ച് ചിട്ടിയിൽ ചേരാനാകുക.കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കുന്നതിനായാണ് മുൻകൂട്ടി കസ്​റ്റമർ രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.ഇതുവരെ 12,271 പേർ യു.എ.ഇയിൽ നിന്നു മാത്രം ചിട്ടിയിൽ ചേരാനായി പേര് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 72,000 ഓളം പേർ താത്പര്യം പ്രകടിപ്പിച്ചു,.ചിട്ടിയിൽ രജിസ്​റ്റർ ചെയ്ത ഓരോ 5000 പേരിൽ നിന്നും നറുക്കിട്ടെടുക്കുന്ന ഓരോരുത്തർക്ക് കേരളത്തിൽ വന്നുപോകുന്നതിനുള്ള വിമാന ടിക്ക​റ്റ് സമ്മാനമായി നൽകും. ആദ്യത്തെ 10000 പേരിൽ നിന്നുള്ള രണ്ട് വിജയികളെ വാർത്താ സമ്മേളനത്തിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ചിട്ടിയിൽ ചേരുന്നതിലൂടെ സമ്പാദ്യം ഉറപ്പാക്കാനാകുന്നതിനൊപ്പം നവകേരള നിർമാണത്തിൽ പ്രവാസികൾക്ക് തങ്ങളുടെ താത്പര്യാനുസരണം പങ്കാളിത്തം വഹിക്കാനും സൗകര്യമൊരുങ്ങുന്നതിലൂടെ ചിട്ടി കൂടുതൽ ആകർഷകമാകുമെന്ന് ഐസക് ചൂണ്ടിക്കാട്ടി. കെ.വൈ.സി പ്രക്രിയകളും ചിട്ടി രജിസ്‌ട്രേഷനും പണമടയ്ക്കലും, ലേലം വിളിയും സെക്യൂരി​റ്റി നൽകലുമൊക്കെ, ഓൺലൈനിൽകൂടി ആയതിനാൽ വളരെ എളുപ്പത്തിൽ, കാര്യക്ഷമമായി വിദേശത്തിരുന്നുതന്നെ ഈ പദ്ധതി ഉപയോഗിക്കാനും ഉപഭോക്താക്കൾക്കു കഴിയും.

അടുത്ത മൂന്നു വർഷംകൊണ്ട് കിഫ്ബി കേരളത്തിൽ നടപ്പാക്കാൻ പോകുന്ന വലുതും ചെറുതുമായ 50,000 കോടി രൂപയുടെ വികസന പദ്ധതികൾക്കായി 10,000 കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി സമാഹരിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ചിട്ടിയുടെ പ്രതിദിന നീക്കിയിരുപ്പിൽ നിന്ന് കെ.എസ്.എഫ്.ഇ കിഫ്ബിയിൽ നിക്ഷേപിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക. വിദ്യാലയങ്ങൾ, ആശുപത്രികൾ, സ്​റ്റേഡിയങ്ങൾ, തീരദേശ ഹൈവേ, മലയോര ഹൈവേ, ഐ.ടി.പാർക്കുകൾ, ജലസേചന പദ്ധതികൾ, കൾച്ചറൽ കോംപ്ലക്‌സുകൾ, റോഡുകളും പാലങ്ങളും, ഉൾനാടൻ ജലഗതാഗതം എന്നിങ്ങനെ പത്ത് വിഭാഗങ്ങളായാണ് ആദ്യം ചിട്ടികളുടെ സീരിസ് തുടങ്ങുക. തങ്ങൾ ചേരുന്ന ചിട്ടിയിൽ നിന്ന് കിഫ്ബിയിലേക്ക് ലഭിക്കുന്ന വിഹിതം ഇതിൽ ഏത് പദ്ധതിക്കായി ചെലവഴിക്കാമെന്ന് നിർദ്ദേശിക്കാനുള്ള സൗകര്യം വെബ്‌സൈ​റ്റിലുണ്ടാകും. ഓരോരുത്തർക്കും താൽപര്യമുള്ള സ്‌കൂൾ, ആശുപത്രി റോഡുകളുടെ പ്രത്യേക റീച്ച്, സ്​റ്റേഡിയം അങ്ങിനെ ഏതുവേണമെങ്കിലും നിർദ്ദേശിക്കാം. ഒരാൾക്ക് ഒന്നിലേറെ ചിട്ടിയിൽ ചേർന്നുകൊണ്ട് ഒന്നിലേറെ പദ്ധതികളുടെ ഭാഗമാകുകയും ചെയ്യാം. ഇവരുടെ പേരുവിവരങ്ങളും ചിട്ടിയിൽ ചേർന്നതിലൂടെ പങ്കാളിത്തം ഉറപ്പാക്കിയ പദ്ധതി ഏതെന്നതും വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിക്കും.

പത്തു ലക്ഷം രൂപ വരെയുള്ള ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. ചിട്ടി നടത്തിപ്പിനിടയിൽ ഉപഭോക്താവായ പ്രവാസി മരണപ്പെടുകയോ തൊഴിലെടുക്കാൻ സാധ്യമാകാത്തവിധം പരിപൂർണ്ണ അംഗഭംഗമോ ഭാഗിക അംഗഭംഗമോ സംഭവിക്കുകയോ ചെയ്താൽ അവശേഷിക്കുന്ന തുകയുടെ ബാധ്യതയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ചിട്ടിത്തുക ഇൻഷുറൻസ് കമ്പനി അടച്ച് കാലവധിയെത്തുമ്പോൾ പണം നൽകും. ചിട്ടി വിളിച്ചെടുക്കാത്തവർക്കും ഈ പരിരക്ഷ ലഭിക്കും. ഏതെങ്കിലും വരിക്കാരൻ മരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലേയ്ക്ക് കൊണ്ടുവരാനാവശ്യമായ വിമാനച്ചെലവും ഭൗതികശരീരത്തെ അനുയാത്റ ചെയ്യുന്ന ഒരു സഹായിയുടെ വിമാനച്ചെലവും കെ.എസ്.എഫ്.ഇ. വഹിയ്ക്കും. എൽ.ഐസിയുമായും കേരള സംസ്ഥാന ഇൻഷുറൻസ് ഡിപ്പാർട്ടുമെന്റുമായും ചേർന്നാണ് ഈ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ഉയർന്ന തുകയുടെ ചിട്ടികളും ലഭ്യമാണ്.

പ്രവാസി ചിട്ടിയിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തുന്നത്. ഇതിന്റെ നടത്തിപ്പിനായി തിരുവനന്തപുരത്ത് പ്രത്യേകം വെർച്വൽ ഓഫീസും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന സേവന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവിന് ഏതു സമയത്തും തന്റെ അക്കൗണ്ട് ഇന്റർനെ​റ്റ് വഴി പരിശോധിക്കാനും പരാതികളുണ്ടെങ്കിൽ പരിഹരിക്കാനും സാധിയ്ക്കും. പ്രവാസി ചിട്ടിക്കായി പ്രത്യേകം ഓഫീസുകൾ ഒന്നും ഗൾഫ് രാജ്യങ്ങളിൽ ഒരുക്കുന്നില്ല. മൊബൈൽ ആപ്പിലൂടെ ചിട്ടിയിൽ ചേരാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനായി എക്‌സ്‌ചേഞ്ച് ഹൗസുകൾ മുഖേനയും വിവിധ ബാങ്കുകൾ വഴിയും പണമടയ്ക്കാൻ സൗകര്യമുണ്ടായിരിക്കും. വിദേശ മലയാളികൾ നാട്ടിൽ വരുന്ന അവസരങ്ങളിൽ കെ.എസ്.എഫ്.ഇ.യുടെ 600ഓളം ശാഖകളിലൂടെയും ഈ സംരംഭത്തിൽ പങ്കുചേരാം.