മുംബയ്: ത്വക്ക് രോഗം പരിശോധിക്കാൻ ഹോസ്റ്റൽവാർഡൻ വിദ്യാർത്ഥിനിയെ തുണിയുരിഞ്ഞു . മുംബയിൽ സാന്താക്രൂസിലെ വനിതാഹോസ്റ്റലിലായിരുന്നു സംഭവം. ജമ്മുകാശ്മീർ സ്വദേശിയായ മൂന്നാംവർഷ ബി.ടെക് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്.
കൈയില്ളാത്ത ചുരീദാർ ധരിച്ചതാണ് പ്രശ്നത്തിന് കാരണം. ഇത്തരം വസ്ത്രങ്ങൾക്ക് ഹോസ്റ്റലിൽ നിരോധനമുണ്ട്. വിദ്യാർത്ഥിനിയെ വിളിപ്പിച്ച വാർഡൻ കൈയില്ലാത്ത വസ്ത്രം ധരിച്ചതിന്റെ കാരണം തിരക്കി. ത്വക്ക് രോഗമുണ്ടെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സ്ളീവ്ലെസ് ചുരീദാർ ധരിച്ചതെന്നും വിദ്യാർത്ഥിനി പറഞ്ഞു. ശിക്ഷാ നടപടിയിൽ നിന്ന് രക്ഷപ്പെടാൻ കള്ളംപറയുകയാണെന്നും രോഗമുണ്ടോയെന്ന് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടണമെന്നും വാർഡൻ പറഞ്ഞു. തുടർന്ന് മറ്റൊരുമുറിയിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് വസ്ത്രമുരിയുകയായിരുന്നു.
വിദ്യാർത്ഥിനി പരാതിനൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്.പരാതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചെന്നും കുറ്റക്കാരിയെന്ന് കണ്ടാൽ വാർഡനെതിരെ കർശന നടപടിസ്വീകരിക്കുമെന്നാണ് കോളേജ് അധികൃതർ പറയുന്നത്.