വാഷിംഗ്ടൺ: സെപ്തംബർ 20. ജെസീക്കയും കാമുകൻ കെന്റലീ മരീഫിയും വിവാഹിതരാവാൻ കണ്ടുവച്ചിരുന്ന സുന്ദരദിനം. പക്ഷേ, വിധിച്ചത് മറ്റൊന്നായിരുന്നു. വാഹനാപകടം കെന്റലിയുടെ ജീവനെടുത്തു. ഒരു ജന്മം മുഴുവൻ ഒന്നിച്ചുകഴിയാമെന്ന് സ്വപ്നം കണ്ടിരുന്ന പ്രാണേശ്വരന്റെ വിയോഗം ജെസീക്കയെ തളർത്തി. മറ്റൊരു വിവാഹം കഴിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല. ഒടുവിൽ സെപ്തംബർ ഇരുപതിന് കെന്റലിയുടെ നവവധുവുമായി വിവാഹവസ്ത്രങ്ങളണിഞ്ഞ് അവൾ കെന്റലിയുടെ കല്ലറയിലെത്തി. അങ്ങനെ ആ സ്വപ്നം സഫലമായി.
ലവിംഗ് ലൈഫ് ഫോട്ടോഗ്രാഫി ഫേസ്ബുക്ക് പേജിലൂടെയാണ് ഈ അനശ്വരപ്രണയം പുറത്തറിഞ്ഞ് കഴിഞ്ഞ വർഷം നവംബർ പത്തിനാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. അഗ്നിശമന സേനയിൽ വാളന്ററിയറായിരുന്നു കെന്റലി. കെന്റക്കിയിൽ വച്ച് മദ്യപാനിയായ ഒരു ഡ്രൈവറുണ്ടാക്കിയ വാഹനാപകടത്തിൽ അയാൾ കൊല്ലപ്പെട്ടു.
പ്രിയപ്പെട്ടവന്റെ മരണം ഏറെ തളർത്തിയെങ്കിലും അയാളെ ഉപേക്ഷിച്ചു പോകാൻ ജെസീക്ക തയ്യാറായില്ല. ആദ്യം മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചെങ്കിലും ജെസിക്കയുടെ മനസറിഞ്ഞതോടെ ബന്ധുക്കൾ പിന്മാറി. വിവാഹം നിശ്ചയിച്ചിരുന്ന ദിവസം ജെസീക്കയ്ക്കായി ഒരു ഫോട്ടോഷൂട്ടു നടത്താൻ കെന്റലിയുടെ അമ്മ കത്രീന തീരുമാനിച്ചു. ജെസീക്കയ്ക്ക് ഇത് വലിയൊരാശ്വാസമാകുമെന്ന് അവർ ചിന്തിച്ചു. വിവരമറിഞ്ഞതോടെ ജെസിക്കയും സമ്മതം മൂളി.
അവസാനദിനം കെന്റലി ധരിച്ചിരുന്ന യൂണിഫോം ഉൾപ്പെടെയുള്ളവ കത്രീന ഒരുക്കിവച്ചിരുന്നു ജെസീക്ക വിവാഹവസ്ത്രം അണിയുന്നതും കല്ലറയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതടക്കമുള്ള എല്ലാ മുഹൂർത്തങ്ങളും ഫോട്ടോഗ്രാഫർമാർ കാമറയിലാക്കി. ജെസീക്കയ്ക്ക് ധൈര്യം പകരാൻ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരും എത്തിയിരുന്നു.
ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അമ്പതിനായിരത്തോളം ഷെയറുകളാണ് ആൽബത്തിന് ലഭിച്ചത്. ശേഷിക്കുന്ന കാലം കെന്റലീയുടെ ഭാര്യയായി കഴിയാനാണ് ജെസീക്കയുടെ തീരുമാനം.