ഹൈദരാബാദ്: നവരാത്രി ആഘോഷത്തിന് ദേവിയെ അണിയിക്കുന്നത് നാലരക്കോടിയുടെ ആഭരണങ്ങൾ, അലങ്കരിക്കാൻ വിദേശിയും സ്വദേശിയുമുൾപ്പെടെ രണ്ടരക്കോടിയുടെ പുതുപുത്തൻ കറൻസിനോട്ടുകൾ.വിഗ്രഹത്തെ ഉടുപ്പിക്കുന്നതിന് സ്വർണത്തിൽ തീർത്ത ഉടയാട ..വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികൾ അമ്മാനമാടിയുള്ള വേറിട്ട നവരാത്രി ആഘോഷം. സ്വർണവും പണവുമെല്ലാം ക്ഷേത്രത്തിന്റെ സ്വന്തമാണെന്ന് ധരിക്കരുത്.
എല്ലാം ഭക്തരുടെ സംഭാവനയാണ്.ഒരോവർഷവും സംഭാവന നൽകുന്നവരുടെ എണ്ണം കൂടിക്കൂടിവരികയാണ്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വർണവും കറൻസിനോട്ടുകളും കൊണ്ട് അലങ്കരിക്കുന്ന ഏർപ്പാടിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുതുപുത്തൻ കറൻസിനോട്ടുകളും ആഭരണങ്ങളും മാത്രമാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. ഇത്തവണ ഇരുനൂറോളം പേരാണ് ഇവ നൽകിയത്. ഇവരുടെ പേരും നൽകിയ സംഭാവനകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നവരാത്രി ആഘോഷം കഴിഞ്ഞ് അവരവർ നൽകിയ സംഭാവനകൾ തിരിച്ചുനൽകും.നൂറ്റിനാൽപ്പതുവർഷം പഴക്കമുള്ളതാണ് ഇൗ മഹാലക്ഷ്മി ക്ഷേത്രം. അലങ്കാരത്തിന് ആഭരണങ്ങളും നോട്ടുകളും നൽകുന്നതിലൂടെ സമ്പത്തും ഐശ്വര്യവും വർദ്ധിക്കുമെന്നാണ് വിശ്വാസം. സംഭാവനകൾ തിരികെ കൈപ്പറ്റിയശേഷം താത്പര്യമുള്ളവർക്ക് ക്ഷേത്രത്തിന് ഇഷ്ടമുള്ളത് നൽകാം.
അലങ്കരിച്ച വിഗ്രഹം കാണാൻ ഭക്തരുടെ ഒഴുക്കാണ്. കഴിഞ്ഞദിവസം മാത്രം 50,000 പേരാണ് എത്തിയത്. ആൾക്കാരുടെ എണ്ണം കൂടുന്നത് ക്ഷേത്രഭാരവാഹികളുടെ ചങ്കിടിപ്പും കൂട്ടുന്നുണ്ട്. കള്ളന്മാരിൽ നിന്ന് നോട്ടുകളും ആഭരണങ്ങളും സംരക്ഷിക്കുകയാണ് ഏറ്റവുംവലിയ വെല്ലുവിളി. സി.സി.ടി.വി സംവിധാനമുൾപ്പെടെ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തിലും പരിസരത്തും ഒരീച്ച അനങ്ങിയാൽപ്പോലും പൊലീസ് അറിയും. ശ്രീകോവിലിനുള്ളിൽ ആഭരണങ്ങളും നോട്ടുകളും കേടുപാടുകളില്ലാതെ സൂക്ഷിക്കുന്നതും കടുപ്പമുള്ള പണിയാണ്. പക്ഷേ, ഇതുവരെ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല.
നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങൾ പണവും സ്വർണവും കൊണ്ടലങ്കരിക്കുന്നത് ആന്ധ്രാപ്രദേശിൽ പതിവാണ്.