
ചാരുംമൂട്: പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്. അമിത രക്തസ്രാവത്തെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നൂറനാട് സ്വദേശിയാണ് യുവതി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തോടെയാണ് യുവതി കുടുംബവീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രസവിച്ചയുടൻ കുട്ടി മരിച്ചെന്നാണ് യുവതി പറഞ്ഞത്. സംശയത്തെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. തലയുടെ പിന്നിൽ മുറിവുകളും ശരീരത്ത് പാടുകളുമുണ്ട്. കരൾ പൊട്ടിയ നിലയിലായിരുന്നു. കുട്ടിയെ മാതാവ് കൊലപ്പെടുത്തിയതാണെന്ന് നൂറനാട് എസ്.ഐ വി.ബിജു പറഞ്ഞു.
രക്തസ്രാവത്തെ തുടർന്ന് ആശാ വർക്കറെയാണ് യുവതി ആദ്യം വിവരമറിയിച്ചത്. ഇവരെത്തി മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ തുണിയിൽ പൊതിഞ്ഞ് ബാഗിലാക്കിയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഇവർ പ്രസവിച്ചതാണെന്ന് ഡോക്ടർക്ക് ആദ്യപരിശോധനയിൽ തന്നെ വ്യക്തമായി. വിവാഹമോചനം നേടിയ യുവതി മൂന്ന് വയസുള്ള മകനൊപ്പം ഇടപ്പോണുള്ള കുടുംബവീട്ടിലാണ് താമസം. ആറുമാസം മുമ്പ് അമ്മ മരിച്ചതോടെ യുവതിയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുരമ്പാല സ്വദേശിയുമായി ഇവർ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.