തിയേറ്ററുകളെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയായുള്ള നിവിന്റെ പ്രകടനവും ഇത്തിക്കിരപക്കിയായി എത്തിയ വിസ്‌മയിപ്പിച്ച സൂപ്പർതാരം മോഹൻലാലും പ്രേക്ഷകരിൽ ആവേശം നിറയ്‌ക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പിരമിഡ് ഫൈറ്റിന് പിന്നിലെ പ്രയത്നത്തിന്റെ കഥ അണിയറ പ്രവർത്തകർ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ്. നിവിനും സണ്ണി വെയ്‌നും തമ്മിലുള്ള സംഘട്ടന രംഗം ആസ്വാദകനെ ആവേശത്തിന്റെ കൊടുമുടിയിൽ നിറുത്തുന്നതായിരുന്നു.
സാധാരണ ഉത്സവമേളങ്ങൾക്ക് ഇടയിലുള്ള ഒരു ഫൈറ്റിൽ നിന്നും എന്ത് വ്യത്യസ്ഥത കൊണ്ടുവരാമെന്ന സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ചിന്തയിൽ നിന്നുമാണ് പിരമിഡ് ഫൈറ്റ് ആശയം രൂപം കൊണ്ടത്. തുടർന്ന് മുംബയിലുള്ള പ്രീവിസ് എന്ന കമ്പനിയാണ് ചിത്രത്തിനു വേണ്ട ആനിമേറ്റഡ് മൂവ്‌മെന്റ് തയ്യാറാക്കിയത്. വൃത്താകൃതിയിൽ സ്റ്റീൽ കൊണ്ടൊരു സ്‌ട്രക്ച്ചർ സൃഷ്ടിച്ച് അതിൽ ആളുകളെ നിറുത്തി കെട്ടിവെക്കുകയാണ് ചെയ്‌തത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം ഫൈറ്റിന് തയ്യാറെടുക്കുവാൻ വേണ്ടി വന്നു. മുംബയിൽ നിന്നും 170ഓളം ഗണപതി ബപ്പാ മോറിയ കലാകാരന്മാരെയാണ് ഈ ഫൈറ്റിന് വേണ്ടി കൊണ്ടു വന്നത്. വെയിൽ ശക്തി പ്രാപിക്കുന്നത് അനുസരിച്ച് സ്റ്റീൽ ചൂടാവുകയും അതിൽ ചേർന്ന് നിൽക്കുന്നത് കഠിനമാവുകയും ചെയ്യുന്നത് കൊണ്ട് രാവിലെ ഏഴ് മണി മുതൽ 11.30 വരെയാണ് ഷൂട്ടിംഗ് നടന്നത്.
നാല് ദിവസത്തെ ട്രെയിനിങ്ങാണ് നിവിൻ പോളിക്കും സണ്ണി വെയ്‌നും ആ രംഗം ഒരുക്കുവാൻ വേണ്ടി നൽകിയത്. ഐക്കിഡോ, തായ്ചി, കളരിപ്പയറ്റ് എന്നിങ്ങനെ പലതും ഒത്തുചേർന്ന ഒരു 'മിക്‌സഡ് മാർഷ്യൽ ആർട്ടാ'ണ് ആ ഫൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കണ്ടിട്ടുള്ള ഉത്സവരംഗങ്ങളിലെ സംഘട്ടനങ്ങളിൽ അവിടെ ഉള്ള പ്രോപ്പർട്ടീസും മൺകലം, ചെറിയ പെട്ടിക്കടകൾ, ലൈറ്റ് എന്നിങ്ങനെ പലതും ഉപയോഗിക്കാറുണ്ട്. കായംകുളം കൊച്ചുണ്ണിയിലെ ഈ ഒരു ഫൈറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഏക പ്രോപ്പർട്ടി ചരലാണ്. അതിൽ ചവിട്ടുമ്പോഴും വീഴുമ്പോഴുമെല്ലാമുള്ള ശബ്‌ദവ്യതിയാനങ്ങൾ കൃത്യമായി ചിത്രത്തിൽ ഫൈറ്റിൽ ഉപയോഗിച്ചിട്ടുണ്ട്.
മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെല്ലാം തയ്യാറാക്കിയെടുക്കുവാൻ സമയമെടുത്തത്. ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഏകദേശം ഒരു കോടി രൂപക്കടുത്ത് ചിലവ് വന്നിട്ടുണ്ട്. മുംബയിൽ നിന്നും വന്ന ഗണപതി ബാപ്പയ് മോറിയ കലാകാരന്മാർക്ക് മാത്രം ദിവസം 15-20 ലക്ഷം രൂപ ചിലവ് വന്നു. രണ്ടു ദിവസമാണ് അവരുടെ സേവനം ചിത്രത്തിനായി വിനിയോഗിച്ചത്.