vellappally-natesan

( യോഗനാദം ഒക്‌ടോബർ 16 ലക്കത്തിലെ മുഖപ്രസംഗം )

''ലോകാസമസ്താ സുഖിനോ ഭവന്തു'' പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും സുഖം വരണേ എന്നാഗ്രഹിച്ചിരുന്ന, അതിനുവേണ്ടി മഹത്തായ ഒട്ടനവധി താളിയോലഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഒരു സംസ്‌കൃതിയുടെ നാടാണ് ഭാരതം. പർവതങ്ങളേയും നദികളേയും നെഞ്ചോട് ചേർത്ത് ദേശീയഗാനം ആലപിക്കുന്ന രാജ്യമാണ് ഭാരതം. വിവിധ ഭാഷകളേയും വേഷങ്ങളേയും ആദരിക്കുന്ന നാടാണ് നമ്മുടേത്. എല്ലാ വിശ്വാസികളേയും വിശ്വാസികളല്ലാത്തവരേയും സ്‌നേഹിക്കുവാൻ പഠിപ്പിച്ച ബഹുസ്വരതയുടെ നാടാണ് നമ്മുടെ ഈ പുണ്യഭൂമി. ആയുർവേദത്തിന്റേയും ഗണിതശാസ്ത്രത്തിന്റേയും തച്ചുശാസ്ത്രത്തിന്റേയും, ഭൗമശാസ്ത്രത്തിന്റേയും, തർക്കശാസ്ത്രത്തിന്റേയും അങ്ങനെ ഒട്ടനവധി പൗരാണിക ശാസ്ത്രത്തിന്റെ നേരവകാശികൾ ഭാരതീയരാണ്.

മാനുഷിക മൂല്യങ്ങൾക്കും, മാനവിക ധർമ്മങ്ങൾക്കും-വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും, ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ വ്യക്തി നന്നായാൽ കുടുംബവും, സമൂഹവും, നാടും നന്നാകും എന്ന പരിവർത്തന സിദ്ധാന്തത്തിന് അടിക്കുറിപ്പ് എഴുതിയ മൂല്യബോധമുള്ള ജന്മഭൂമിയാണിത്.

ഇന്ന് കണ്ടുപിടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന എല്ലാ ശാസ്ത്രീയ കണ്ടെത്തലുകളും സത്യദർശനത്തിലൂടെ ഭാരതത്തിലെ ഋഷി പരമ്പരകൾക്ക് അന്നേ അവരുടെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിരുന്നു. ചിട്ടയായ ജീവിതക്രമവും നിഷ്ഠയോടുകൂടിയുള്ള അനുഷ്ഠാനവും അതിജീവനത്തിനുവേണ്ടിയുള്ള ആത്മനിയന്ത്രണവും അവരെ ശാസ്ത്രജ്ഞരാക്കി. ആ ശാസ്ത്ര സത്യങ്ങളാണ് വേദങ്ങളും, ഉപനിഷത്തുകളും, പുരാണങ്ങളും, ഇതിഹാസങ്ങളും. മാനുഷിക ലോകത്തിന് സത്യവും മിഥ്യയും വേർതിരിക്കുവാനുള്ള പൗരാണിക ശാസ്ത്രീയ സത്യങ്ങളാണ് ഈ മഹത് ഗ്രന്ഥങ്ങൾ. അതിലുള്ളത് മാത്രമേ ശാസ്ത്രം കണ്ടെത്തിയിട്ടുള്ളൂ. കണ്ടെത്തിയതിനേക്കാൾ എത്രയോ മടങ്ങ് ഇതിൽ നിന്നും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അറിവിൽ, സാമ്പത്തികതയിൽ, സാമൂഹ്യകതയിൽ ശാസ്ത്രത്തിൽ, സാഹിത്യത്തിൽ, സൗന്ദര്യത്തിൽ, സാഹോദര്യത്തിൽ, എന്നുവേണ്ട എല്ലാ തരത്തിലുമുള്ള ദാർശനികതയുടെയും ഏറ്റവും സമ്പന്നമായ നാടാണ് നമ്മുടേത്. അതിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഒരു സാംസ്‌ക്കാരിക പൈതൃകമുണ്ട്. അത് വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും, സാമൂഹ്യജീവിതത്തിലും, പാലിക്കപ്പെടുമ്പോൾ മാത്രമേ ആരോഗ്യമുള്ള മനും, ആരോഗ്യമുള്ള ഒരു ശരീരവും ആരോഗ്യമുള്ള സമൂഹവും ഉണ്ടാകൂ.

ഏതൊക്കെ നിയമങ്ങൾ ഉണ്ടായെങ്കിലും, ഇനി ഈ നിയമങ്ങളൊക്കെ ഉണ്ടാകുന്നതിനുമുമ്പും മൂല്യബോധമുളള സാംസ്‌ക്കാരിക തനിമയുള്ള തലമുറകളുടെ വളർച്ചയ്ക്കുള്ള ഭരണഘടനയായിരുന്നു ആർഷ ഭാരതസംസ്‌ക്കാരം. തലമുറ മാറ്റത്തിലൂടെ ആചാരങ്ങളിൽ പലതും അനാചാരങ്ങളായി മാറുകയും ആധുനിക സമൂഹം അനാചാരങ്ങളെ അവസാനിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇനിയും അത് തുടർന്നു കൊണ്ടേയിരിക്കും. പൊതുസമൂഹം അതിനെ സാംസ്‌ക്കാരിക തനിമയോടെ സ്വീകരിക്കും. എന്നാൽ ശാസ്ത്രീയ ആചാരങ്ങളെ അറിവിന്റെ പരിമിതിയിൽ നിന്ന് വിലയിരുത്തുവാൻ ശ്രമിക്കുമ്പോൾ അത് സാംസ്‌ക്കാരിക ഭീകരതയ്ക്ക് വഴി തെളിക്കും. അതിന് അരു നിൽക്കുക എന്നുള്ളത് ഒരു ഭരണഘടനാ സംവിധാനത്തിനും ചേർന്നതല്ല.

ആയിരക്കണക്കിന് വർഷം കൊണ്ട് രൂപം കൊണ്ട ഋഷിപ്രോക്തങ്ങളായ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഒരു മനുഷ്യായുസിന്റെ പോലും പ്രായമില്ലാത്ത ആ കാലയളവിനുള്ളിൽ 120ലേറെ തവണ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടന വച്ച് വ്യാഖ്യാനിക്കുന്നത് യുക്തിബോധത്തിന് നിരക്കുന്നതല്ല ഇത്രയും ഇപ്പോൾ ഇവിടെ സൂചിപ്പിക്കാനുള്ള കാരണം ഈ അടുത്തകാലത്തായി ഇൻഡ്യയിലെ പരമോന്നത നീതിപീഠം മൂന്ന് വിധി പ്രസ്താവങ്ങൾ നടത്തുകയുണ്ടായി. സ്വവർഗ്ഗരതി, വിവാഹേതര ലൈംഗികബന്ധം, ശബരിമല സ്ത്രീ പ്രവേശനം. ചരിത്രപരവും നിർണ്ണായകവുമായി ഈ വിധി പുറപ്പെടുവിച്ചപ്പോൾ ആത്മാവ് നഷ്ടപ്പെട്ട ഇൻഡ്യയുടെ വിലാപമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്. കുടുംബസ്വകാര്യതയിലേയ്ക്ക് അധികാരത്തിന്റെ അകമ്പടിയോടെ കയറിവരുന്ന ദംഷ്ട്രങ്ങളുടെ താണ്ഡവനൃത്തം സമൂഹത്തെ പേടിപ്പെടുത്തുന്നു. വഴി വക്കിലും നാൽക്കവലയിലും സ്വവർഗ്ഗ അനുരാഗികൾക്ക് വീഥിയൊരുക്കുവാൻ, അവർക്ക് സുരക്ഷയൊരുക്കുവാൻ ഭരണാധികാരികൾക്ക് സമയം കണ്ടെത്തേണ്ടിവരുന്നു. അതേപോലെതന്നെ സുപ്രീംകോടതി സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിലെ ഏക വനിതാ ജഡ്ജായ ഇന്ദുമൽഹോത്രയുടെ മനായിരുന്നു ഇൻഡ്യയുടെ ആത്മാവ് എന്ന് വിലയിരുത്ത പ്പെട്ടിരുന്നുവെങ്കിൽ പ്രയാളാനന്തര കേരളം ഇത്രത്തോളം വിലനൽകേണ്ടിവരുമായിരുന്നില്ല. വളരെ ന്യൂനപക്ഷം വരുന്ന ചിലരുടെ പിടിവാശിക്കുവേണ്ടി മഹാഭൂരിപക്ഷം ശരണം വിളിയുമായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കേണ്ട സാഹചര്യം ഒരു വിധി പ്രസ്താവം മൂലം ഉണ്ടായെങ്കിൽ വാദത്തിലോ പ്രതിവാദത്തിലോ വലിയ പോരായ്മ ഉണ്ടായിട്ടല്ലേ?. ഇത്രയും വലിയ വൈകാരികതയുള്ള ഒരു വിഷയത്തിന്റെ കോടതി നിരീക്ഷണത്തിൽ ആവശ്യമായ സംഗതികൾ ലഭ്യമാകാതെ വന്നിട്ടില്ലേ?. ഇതിന്റെ പേരിൽ വിശ്വാസികളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപങ്ങൾക്ക് സാദ്ധ്യതയില്ലേ?. അതിശക്തമായ പ്രളയത്തിന്റെ അതിജീവനത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ തൃപ്തി ദേശായി യെപ്പോലുള്ള പുരോഗമന വാദികളായിട്ടുള്ളവർ മഹാഭൂരിപക്ഷത്തിന് ആവശ്യമില്ലാത്ത ശബരിമല സ്ത്രീ പ്രവേശന ത്തിന്റെ പേരിൽ ഞങ്ങളുടെ ഈ കൊച്ചുകേരളത്തെ കേവലമായ പിടിവാശിയുടെ പേരിൽ കലാപ ഭൂമിയാക്കരുതേ എന്ന് അറിയിക്കുന്നു. ഇന്ന് അത്തരം ഒരു കലാപം താങ്ങുവാനുള്ള ശക്തിയില്ല കേരളത്തിന്. കാരണം പ്രളയത്തിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ പുനരനവധിവാസത്തിന് സമയവും പണവും കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ വിധി ഒരു അനിവാര്യതയുമല്ല. മഹാഭൂരിപക്ഷം തെരുവിലിറങ്ങി പറയുന്നു ഇത് സ്വാതന്ത്ര്യമല്ല, ആചാരലംഘനമാണെന്ന്. ഇതാണ് ഭാരതത്തിന്റെ ബഹുസ്വരത. ഇതാണ് നാനാത്വത്തിൽ ഏകത്വം. അതാണ് ലോകാ സമസ്താ സുഖിനോ ഭവന്തു.