ആഗ്ര:പതിനാലുലക്ഷം രൂപയുടെ റെഫ്രിജറേറ്ററുകളുമായിപ്പോയ കൂറ്റൻ ട്രക്ക് അടിച്ചുമാറ്റിയ പതിനാലുകാരനെ പൊലീസ് പൊക്കി. ഉത്തർപ്രദേശിലെ ഹത്രാസിലായിരുന്നു സംഭവം. ലോറിയിലെ ക്ളീനറായി ജോലിനോക്കുകയായിരുന്നു പയ്യൻ. ട്രക്കിലെ ഡീസൽതീർന്നതിനാൽ സ്റ്റെപ്പിനി ടയർവിറ്റ് ഡീസലിനുള്ള പണം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഹരിയാന രജിസ്ട്രേഷനുള്ള ട്രക്ക് കണ്ട് സംശയംതോന്നിയ ഹൈവേപൊലീസാണ് പയ്യനെ പൊക്കിയത്. അതിനോടകം 138 കിലോമീറ്റർ ട്രക്ക് ഒാടിച്ചിരുന്നു. പിടിയിലായപ്പോൾ വെറും നൂറുരൂപയാണ് പയ്യന്റെ കൈയിലുണ്ടായിരുന്നത്.
നോയിഡയിൽ ട്രക്ക് നിറുത്തിയശേഷം ഡ്രൈവർ ട്രാൻസ്പോർട്ട് കമ്പനിയിലെ ഇടപാടിനുപോയപ്പോഴായിരുന്നു അടിച്ചുമാറ്റൽ. വാഹനം മോഷണംപോയവിവരം ഡ്രൈവർ ഉടമയെയും പൊലീസിനെയും അറിയിച്ചിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് നേരിടേണ്ടിവന്ന സാമ്പത്തിക പ്രതിസന്ധിയാണ് ട്രക്കുമായി കടക്കാൻ പ്രേരണയായതെന്നാണ് പയ്യൻ പൊലീസിനോട് പറഞ്ഞത്. അയ്യായിരം രൂപയാണ് ഒരുമാസത്തെ ശമ്പളം.
ഇത് ഒന്നിനും തികഞ്ഞിരുന്നില്ല. ട്രക്ക് ഉത്തർപ്രദേശിലെ എട്ടയിലെത്തിച്ച് വിൽക്കാനായിരുന്നു ലക്ഷ്യം. മോഷ്ടിച്ച വാഹനങ്ങൾക്ക് പുതിയ രേഖകളുണ്ടാക്കി വിൽപ്പന നടത്തുന്ന സ്ഥലമാണ് എട്ട. കിട്ടുന്ന വിലയ്ക്ക് ട്രക്ക് വിറ്റ് ആ പണവുമായി കടക്കാനായിരുന്നു പ്ളാൻ. പതിനാലുലക്ഷം രൂപയുടെ സാധനങ്ങളാണ് ട്രക്കിലുണ്ടായിരുന്നതെന്ന് പയ്യന് അറിയില്ലായിരുന്നു.