പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. ആ പഴയ റൈസ് മില്ലിന്റെ മൂലയിൽ ചില പണിയായുധങ്ങൾ കിടക്കുന്നത് അവർ കണ്ടു.
മൺവെട്ടിയും പിക്കാസും കൂന്താലിയും.
അവർ അതെടുത്തു.
ടയർ സാജൻ അഞ്ചരയടി നീളത്തിലും രണ്ടടി വീതിയിലും കാൽനഖം കൊണ്ട് ഒരു ചതുരം വരച്ചു.
''തുടങ്ങിക്കോ..."
തറയെ പിളർത്തിക്കൊണ്ട് ആയുധങ്ങൾ ഉയർന്നു താണു.കാലപ്പഴക്കം കൊണ്ട് നേരത്തെ പൊട്ടിയടർന്നിരുന്ന സിമന്റുപീസുകൾ ഇളകി.
രണ്ട് മെഴുകുതിരികൾ കൂടി കത്തിച്ചുവച്ചുകൊണ്ട് അവർ പണി തുടർന്നു.
പരമേശ്വരൻ നിസ്സംഗനായി എല്ലാം നോക്കുകയാണ്. തനിക്ക് നേരത്തെ ഇവർ തന്ന ശിക്ഷ മരണത്തേക്കാൾ എത്രയോ ഭീകരമായിരുന്നെന്ന് അയാൾ ഓർത്തു.
ഇനിയാണെങ്കിലും തനിക്ക് പഴയതുപോലെ നടക്കാനാവില്ല....
അതിൽ ഭേദം മരണം തന്നെ.
സാജൻ പകയോടെ ഇടയ്ക്കിടെ അയാളെ നോക്കുന്നുണ്ടായിരുന്നു.
പിന്നെ ഫോൺ എടുത്ത് 'സാറി'നെ വിളിച്ചു.
''ഈ കിഴവൻ അടങ്ങുന്നില്ല സാറേ... ഞങ്ങൾ അവനുള്ള കുഴി വെട്ടിക്കൊണ്ടിരിക്കുകയാ..."
''ഗുഡ്." അപ്പുറത്തു നിന്ന് ശബ്ദം വന്നു. ''ഒരു ഭാഗ്യപരീക്ഷണത്തിനും നമ്മൾ തയ്യാറല്ല. നമ്മൾ പറയുന്നതു പോലെ
അയാൾക്ക് ചെയ്യാൻ കഴിയില്ലെങ്കിൽ നമ്മൾ മറ്റ് മാർഗ്ഗം നോക്കും. എന്നാലും അവൻ പിന്നെ ഭൂമിക്കു മേൽ ഉണ്ടാവാൻ പാടില്ല."
കാൾ മുറിഞ്ഞു.
അഞ്ചരയടി നീളത്തിൽ രണ്ടടി താഴ്ചയിൽ കുഴി തീർന്നു.
''ഇനി താൻ സമ്മതിച്ചാലും മരണം തന്നെ സമ്മാനം."
പരമേശ്വരനോടു പറഞ്ഞിട്ട് സാജൻ കൂട്ടാളികൾക്കു നേർക്കു കൈ നീട്ടി.
കാര്യം ഗ്രഹിച്ച ഒരാൾ ഒരുകുപ്പി മദ്യമെടുത്തു കൊടുത്തു.
കൈമുട്ടുകൊണ്ട് അതിന്റെ അടപ്പിൽ ഒന്നു മുട്ടിയിട്ട് താറാവിന്റെ കഴുത്തു പിരിക്കുന്നതുപോലെ സാജൻ അത് തുറന്ന് വായിലേക്കു ചരിച്ചു.
അയാളുടെ തൊണ്ട, മീനിന്റെ ചെകിള അനങ്ങുന്നതുപോലെ ചലിക്കുന്നത് പരമേശ്വരൻ കണ്ടു.
മദ്യത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം കുടിച്ചു തീർത്തിട്ട് സാജൻ അത് കൈമാറി.
മറ്റുള്ളവരും ഒന്നും രണ്ടും കവിൾ വീതം അകത്താക്കി. ശേഷം കുപ്പി വലിച്ചെറിഞ്ഞു.
''ഇനി ഇവനെ എടുത്ത് കുഴിയിലിട്." സാജന്റെ അടുത്ത കൽപ്പന.
രണ്ടുപേർ ചേർന്ന് പരമേശ്വരനെ പൊക്കിയെടുത്തു.
ശരീരവും മനസ്സും ഒരുപോലെ മരവിച്ച അയാൾ പ്രതികരിച്ചില്ല. തന്റെ ഭാര്യയുടെയും മക്കളുടെയും മുഖം ആ മനസ്സിൽ ഒന്നു മിന്നി.
ചത്ത മാടിനെ കുഴിയിലേക്ക് എറിയുന്നതുപോലെ അവർ പരമേശ്വരനെ കുഴിയിലേക്കിട്ടു.
സാജൻ കൂന്താലിയെടുത്ത് അയാളുടെ നെഞ്ചിൽ കുത്തിപ്പിടിച്ചു. അപ്പോൾ പരമേശ്വരൻ ഒന്നു പിടഞ്ഞു.
''ഈ ചെയ്യുന്നതിന്റെയൊക്കെ ഫലം തീർച്ചയായും ഈശ്വരൻ നിങ്ങൾക്കു തരും കുഞ്ഞുങ്ങളേ.. അന്ന് നിങ്ങളോർക്കും എന്നോടീ ക്രൂരത വേണ്ടായിരുന്നെന്ന്... നീയൊക്കെ മുടിഞ്ഞു പോകും. നിന്റെയൊക്കെ കുലവും..."
പരമേശ്വരൻ മനമുലഞ്ഞ് പ്രാകി.
അതിന്റെ മറുപടി ഒരു കൂട്ടച്ചിരിയായിരുന്നു.
ഈശ്വരന് അതിനൊക്കെ എവിടാ കെളവാ നേരം.സാജൻ പുച്ഛിച്ചു.
''വരുമെടാ വരും. ദൈവം വരും. അല്ലെങ്കിൽ ദൈവത്തെപ്പോലെ ആരെങ്കിലും. ദൈവം നിയോഗിച്ച ആൾ... എനിക്കുറപ്പാ അവൻ നിന്നോടൊക്കെ പ്രതികാരം ചെയ്യും. നിന്റെയൊക്കെ പ്രാണനെടുക്കും."
''ഛീ നിർത്തെടാ."
ഒരുവൻ ചീറിക്കൊണ്ട്, കത്തിക്കൊണ്ടിരുന്ന മെഴുകുതിരി എടുത്തു.
അത് പരമേശ്വരന്റെ മുഖത്തേക്കു ചരിച്ചു. തിളച്ചു തുളുമ്പിയ മെഴുക് മഴത്തുള്ളികൾ പോലെ അയാളുടെ മുഖത്തു വീണു...
പൊള്ളിപ്പിടയുന്നതുപോലെ പരമേശ്വരൻ വിലപിച്ചു പിടഞ്ഞു.
''നിനക്ക് വായ്ക്കരി ഇടുന്നതിനു പകരമാണിത്."
അയാൾ ക്രൂരമായി ചിരിച്ചുകൊണ്ട് മെഴുകുതിരി മാറ്റി.
''മതി.മണ്ണുനീക്കിയിട്ടോ..."
സാജൻ പറഞ്ഞു.
ഇരുവശത്തുമായി നിന്ന് രണ്ടുപേർ മണ്ണു നീക്കിയിട്ടു തുടങ്ങി.
അടുത്ത നിമിഷം...
വെടിയൊച്ചകൾ പോലെ ഒരു ബുള്ളറ്റ് ബൈക്കിന്റെ മുഴക്കം.
അവർ നടുങ്ങിത്തിരിഞ്ഞു. പലക ചെറ്റയ്ക്ക് ഇടയിലൂടെ കണ്ടു... പാഞ്ഞെടുക്കുന്ന ഒരു തീക്കണ്ണ്..."
എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് പലകകൾ ബിസ്ക്കറ്റ് കഷണങ്ങൾ പോലെ ചിതറിത്തെറിച്ചു.
(തുടരും)