1. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിന്റെ സമവായ നീക്കം പാളി. ദേവസ്വം ബോർഡിന് മുന്നിൽവച്ച നിർദ്ദേശങ്ങൾക്കൊന്നും ദേവസ്വംബോർഡിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് പന്തളം രാജകുടുംബം. മാസ പൂജകൾക്കായി നാളെ ശബരിമല നട തുറക്കുക ആണ്. പ്രശ്‌നങ്ങൾ ഗുരുതരം എന്നും ദേവസ്വം ബോർഡ് മുൻകൈ എടുത്ത് റിവ്യൂഹർജി ഇന്നു തന്നെ നൽകണം എന്നുമുള്ള തങ്ങളുടെ ആവശ്യങ്ങൾ ബോർഡ് അംഗീകരിച്ചില്ലെന്ന് ശശികുമാർ വർമ്മ.
2. ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്ന് എ. പദ്മ കുമാർ. റിവ്യൂ ഹർജി എന്ന ആവശ്യം പൂർണ്ണമായും തള്ളിയിട്ടില്ല എന്ന് എ. പദ്മകുമാർ. 19ന് ബോർഡ് യോഗം ചേർന്ന ശേഷം തീരുമാനം എടുക്കാം എന്ന് അറിയിച്ചിരുന്നു. കോടതി അവധി ആയതിനാൽ ഇപ്പോൾ ഹർജി നൽകാൻ ആകില്ല. പ്രായോഗിക ബുദ്ധിമുട്ടാണ് യോഗത്തിന് എത്തിയ പ്രതിനിധികളെ അറിയിച്ചത് എന്നും ദേവസ്വംബോർഡ് പ്രസിഡന്റ്.
3. അതിനിടെ, നാളെ തുലാമാസ പൂജ ആരംഭിക്കാൻ ഇരിക്കെ നിലയ്ക്കലിൽ പ്രതിഷേധം തുടരുന്നു. സ്ത്രീ പ്രവേശന വിഷയത്തിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ കൂടുതൽ വനിതാ പൊലീസുകാർ നിലയ്ക്കലിലേക്ക്. ശബരിമലയിലെ പ്രതിഷേധം ശക്തമായി നേരിടും. തീർത്ഥാടകരെ തടയാനോ, വാഹനം പരിശോധിക്കാനോ ആരേയും അനുവദിക്കില്ല. നാളെ രാവിലെ നിലയ്ക്കലിലും പമ്പയിലും വനിതാ പൊലീസിനെ വിന്യസിക്കാൻ ആണ് ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും ഒരു വിഭാഗം ബസ് തടഞ്ഞതിനെ തുടർന്നാണ് പുതിയ നടപടി. സ്ഥിതിഗതികൾ വിലയിരുത്തി എ.ഡി.ജി പി അനിൽ കാന്ത്.
4. ഹിന്ദുക്കളെ മാത്രമേ ദേവസ്വം കമ്മിഷണറായി നിയമിക്കൂ എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഹിന്ദുക്കളെ ദേവസ്വം കമ്മിഷണറാക്കി നിയമിക്കാം എന്ന സർക്കാർ തീരുമാനത്തിന് എതിരെ സമർപ്പിച്ച ഹർജിയിലാണ് അഡ്വക്കേറ്റ് ജനറൽ നിലപാട് അറിയിച്ചത്. അതേസമയം, നിലപാട് സത്യവാങ്മൂലമായി നൽകാൻ കോടതി നിർദ്ദേശം നൽകി. കേസ് ഈ മാസം 26ലേക്ക് മാറ്റി.
5 പ്രളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടിയാലോചിച്ച് തൊഴിലുറപ്പ് ദിനങ്ങൾ കേരളത്തിൽ 100ൽ നിന്നും 150 ആക്കി ഉയർത്തി എന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ. മാർഗ നിർദ്ദേശത്തിൽ മാറ്റങ്ങൾ വരുത്തി കാർഷിക മേഖലയിൽ തൊഴിലുറപ്പ് പദ്ധത്തി നടപ്പിലാക്കാനുള്ള അനുവാദം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
6. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കെ.പി.എം.ജിയെ മുഖ്യ ഉപദേശക ചുമതലക്കാരായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. വിഭവ സമാഹരണത്തിനും അസംസ്‌കൃത വസ്തുക്കൾ കണ്ടെത്താനും പ്രത്യേകം കമ്മിറ്റികൾ രൂപീകരിക്കും. നവകേരള നിർമ്മാണമാണ് മുഖ്യഅജണ്ടയായി ഇന്ന് മന്ത്രി സഭായോഗം ഇന്ന് ചർച്ച ചെയ്തത്.
7. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി എന്ന ആരോപണം സ്ഥരീകരിച്ച് നടൻ സിദ്ദീഖ്. ഇക്കാര്യം നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അത് വ്യക്തിപരമായ കാര്യമാണ് എന്നും ഇക്ക ഇടപെടേണ്ട എന്നും ആയിരുന്നു ദിലീപിന്റെ മറുപടി എന്നും സിദ്ദീഖ്. ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ സിദ്ദീഖ് പറഞ്ഞതിന് നേരെ വിരുദ്ധമാണ് ഈ മൊഴി.
8. കൊലപാതക കേസിൽ വിവാദ ആൾദൈവം രാംപാലിന് ജീവപര്യന്തം തടവ് ശിക്ഷ. ഹരിയാനയിലെ ഹിസാർ കോടതിയാണ് ശിക്ഷ വിധിച്ചത്. രാംപാലിന്റെ പേരിലുള്ള രണ്ട് കൊലക്കേസുകളിൽ ഒന്നിലാണ് വിധി പറഞ്ഞത്. രണ്ടാമത്തെ കേസിൽ ബുധനാഴ്ച വിധി പറയും.
9. ഗോവയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതായി സൂചന. എം.എൽ.എമാരായ ദയാനന്ദ് സോപ്‌തെയും സുഭാഷ് ഷിരോദ്കറും ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ അംഗത്വം സ്വീകരിക്കും എന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ ആയതിനെ തുടർന്നുള്ള ഗോവയിലെ രാഷ്ട്രീയ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരിണത്തിന് നീക്കം നടത്തുന്നതിനിടെ ആണ് കോൺഗ്രസിന് ഇങ്ങനെ ഒരു തിരിച്ചടി.
10. കായം കുളം കൊച്ചുണ്ണി വിജയക്കുതിപ്പ് തുടരുന്നതിനിടെ റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും വമ്പൻ പ്രൊജക്ടുമായി വരുന്നു. ഡിയാഗോ ഗാർസിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മത്സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നത്. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത് എന്നും വിദേശത്തു നിന്നുള്ള അണിയറ പ്രവർത്തകരാണ് ഇതിൽ പങ്കെടുക്കുന്നതെന്നും റോഷൻ ആൻഡ്രൂസ് അറിയിച്ചു. റോഷൻ ആൻഡ്രൂസും നിവിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും വിവരം.
11 സിനിമാതാരം അലൻസിയറിൽ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയത് താനാണെന്ന വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയിൽ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവിൽ എത്തിയത്.