lulu

റിയാദ്: ശബരിമലയിൽ യുവതികളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് നടക്കുന്നത്. നിലയ്ക്കലും പമ്പയിലും പ്രതിഷേധത്തെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. ഇതിനിടെ മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തിൽ സ്വാമി അയ്യപ്പനെതിരെ മോശം പരമാർശം നടത്തിയ ദീപക് എന്ന ജീവനക്കാരനെയാണ് ലുലു പുറത്താക്കിയത്. ആലപ്പുഴ സ്വദേശിയായ ദീപക് റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരനാണ്.

നേരത്തെ പ്രളയക്കെടുത്തിയിൽ അകപ്പെട്ട കേരളത്തിന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനത്തെ പരിഹസിച്ച രാഹുൽ സി.പി എന്ന യുവാവിനെയും ലുലു പിരിച്ചുവിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ഷേപം നിറഞ്ഞതും മോശം പരാമർശവും പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ വി.നന്ദകുമാർ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ മതങ്ങൾക്കെതിരെ പരാമർശം നടത്തുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ച് വിടുമെന്ന മുന്നറിയിപ്പ് എല്ലാ ജീവനക്കാർക്കും ലുലു ഗ്രൂപ്പ് നൽകിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.