കൊച്ചി: ദേവസ്വം കമ്മിഷണറായി ഹിന്ദുക്കളായവരെ മാത്രമേ നിയമിക്കൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം സത്യവാങ്മൂലമായി സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. അഹിന്ദുവിനെ ദേവസ്വം കമ്മിഷണറായി നിയമിക്കാനാവും വിധമുള്ള തിരുവിതാംകൂർ - കൊച്ചി മതസ്ഥാപന നിയമത്തിലെ ഭേദഗതി ചോദ്യംചെയ്തുള്ള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള , വസ്വംബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരാണ് ഹർജിക്കാർ.
ദേവസ്വം കമ്മിഷണർ ഹിന്ദു ആകണമെന്ന വ്യവസ്ഥ എടുത്തുകളയുന്നതാണ് ഭേദഗതി. നിയമത്തിലെ 29ആം വകുപ്പിൽ ഈ മാറ്റം വരുത്തിയതോടെ അഹിന്ദുവിനെയും ദേവസ്വം കമ്മിഷണറാക്കാമെന്ന നിലയായി. ഇതോടൊപ്പം കമ്മിഷണറെ നിയമിക്കാനുള്ള അധികാരം ബോർഡിൽനിന്ന് എടുത്തുകളഞ്ഞതായും ഹർജിക്കാർ പറയുന്നു.
ഭേദഗതി ഹിന്ദുവിന്റെ മതപരമായ അവകാശം എടുത്തുകളയുന്നതാണെന്നാണ് ആക്ഷേപം. ഭേദഗതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇടക്കാല ഉത്തരവിലൂടെ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്.