തിരുവനന്തപുരം: കാൻസർ ബാധിതർക്കായി ജനറൽ ആശുപത്രിയിൽ കാൻസർ ഡേ കെയർ കീമോ തെറാപ്പി യൂണിറ്റ് വരുന്നു . രോഗം കണ്ടെത്താനും പ്രാരംഭം മുതൽ പാലിയേറ്റീവ് കെയർ വരെയുള്ള ചികിത്സകൾക്കുമായാണ് യൂണിറ്ര് തുടങ്ങുന്നത്. ആർ.സി.സിയിൽ നിന്ന് വിദഗ്ദ്ധ പരിശീലനം ലഭിച്ച ഡോക്ടർമാരായ ഷീജ, ശ്രീദേവി എന്നിവരുടെ മേൽനോട്ടത്തിലാണ് ഡേകെയറിന്റെ പ്രവർത്തനം.
മെഡിക്കൽ കോളേജിനും ആർ.സി.സിക്കും പുറമേ ജില്ലയിൽ ആദ്യമായാണ് യൂണിറ്ര് തുടങ്ങുന്നത്. ആശുപത്രിയിലെ പീഡിയാട്രിക് ചികിത്സാ വിഭാഗത്തിനോട് ചേർന്നുള്ള കെട്ടിടത്തിലാണ്പ്രവർത്തനം. കെട്ടിടം മോടിപിടിപ്പിക്കുന്ന ജോലികൾ പൂർത്തിയായാലുടൻ പ്രവർത്തനം തുടങ്ങും. ജനറൽ ആശുപത്രിയിലെ മെഡിസിൻ, സർജറി വിഭാഗങ്ങളിൽ രോഗ നിർണയം നടത്തുന്നവർക്ക് ഇവിടെ തുടർ ചികിത്സ ലഭ്യമാക്കും. മെഡിക്കൽ കോളേജ്, ആർ.സി.സി എന്നിവിടങ്ങളിൽ ചികിത്സ തേടുന്ന രോഗികൾക്കും പകൽ സമയം യൂണിറ്റിന്റെ സേവനം ലഭിക്കും.
സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും പ്ളാൻ ഫണ്ടിൽ നിന്നുമായി അനുവദിച്ച പതിനഞ്ച് ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് കീമോ തെറാപ്പിയുൾപ്പെടെയുള്ള ചികിത്സാ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. രോഗികളുടെ ടെൻഷൻ ഒഴിവാക്കാനും ഗാർഹിക അന്തരീക്ഷം നിലനിർത്താനുമായി പൂന്തോട്ടമുൾപ്പെടെ മുൻവശം മനോഹരമായി അലങ്കരിക്കും.