തിരുവനന്തപുരം: വർഷങ്ങളുടെ സ്തുത്യർഹ സേവനത്തിനുശേഷം ഡോഗ് സ്ക്വാഡിൽ നിന്ന് വിരമിച്ച ഒരു ഡസനിലധികം നായ്ക്കൾ അധികൃതരുടെ അവഗണനമൂലം ദുരിതത്തിൽ! പ്രായാധിക്യവും രോഗങ്ങളും കാരണം അവശ നിലയിലായ ഇവയെ മൃഗസ്നേഹികൾക്കോ സന്നദ്ധ സംഘടനകൾക്കോ പരിചാരകരായ ഡോഗ് ഹാൻഡലർമാർക്കോ കൈമാറാൻ പൊലീസ് ഡോഗ് മാന്വലിൽ വ്യവസ്ഥയുണ്ട് . എന്നാൽ സർക്കാർ തലത്തിൽ നടപടികളില്ലാത്തതിനാൽ ഇത് പാലിക്കപ്പെടുന്നില്ല.
ഒന്നരവയസ് മുതൽ പത്തോ പന്ത്രണ്ടോ വയസുവരെയാണ് പരിശീലനം നേടിയ ഒരു നായയുടെ സേവനം സേനയിൽ പ്രയോജനപ്പെടുത്തുന്നത്. പത്തുവയസ് കഴിയുമ്പോഴേക്കും ഇവയിൽ പലതിനും ഏകാഗ്രത, മണം പിടിക്കാനുള്ള ശേഷി എന്നിവയിൽ കുറവും ശാരീരിക അവശതകളും പ്രകടമാകും . ഇതോടെ റിട്ടയർമെന്റ് അനുവദിച്ച് ഏറ്രെടുക്കാൻ താല്പര്യമുള്ള നായ സ്നേഹികൾക്കോ, ഹാൻഡലർമാർക്കോ കൈമാറുകയാണ് പതിവ്.
വിദേശ രാജ്യങ്ങളിലേതുപോലെ അവശനിലയിലായ നായ്ക്കൾക്ക് വിശ്രമിക്കാൻ പൊലീസ് അക്കാഡമിയിൽ വിശ്രമ മന്ദിരം നിർമ്മിക്കാനായി കഴിഞ്ഞ വർഷം 30 ലക്ഷം രൂപ അനുവദിച്ചെങ്കിലും അതിനും നടപടിയുണ്ടായില്ല. ഇതോടെ തിരുവനന്തപുരം മുതൽ കണ്ണൂർവരെ എട്ട് പൊലീസ് ജില്ലകളിലായി പതിനഞ്ചോളം നായ്ക്കളുടെ ശിഷ്ട ജീവിതം കഷ്ടത്തിലായി. ത്വക് രോഗങ്ങൾ, പ്രായത്തിന്റെ അവശത, കൈകാലുകൾക്ക് തളർച്ച തുടങ്ങിയവയോട് മല്ലിടുന്ന ഇവയിൽ പലതിനും മികച്ച ചികിത്സയോ പരിചരണമോ നൽകാൻ പൊലീസ് സേനയിൽ മതിയായ ഇടപെടലുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോളിളക്കമുണ്ടാക്കിയ പല കേസുകൾക്കും തുമ്പുണ്ടാക്കിയ ഇവയിൽ പലതും ഇപ്പോഴും തികഞ്ഞ യജമാന സ്നേഹവും കൂറും പ്രകടിപ്പിക്കാറുള്ളവയാണ്. വീരോചിതമായ പരിചരണത്തിന് പകരം തീർത്തും അവശരായ അവയെ കൈയൊഴിയുന്ന രീതിയാണ് ഇപ്പോഴുള്ളത്.