കൊച്ചി: കൊച്ചിയിലും തൃശൂരിലും എ.ടി.എമ്മുകൾ തകർത്ത് 35 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം പത്തനംതിട്ട മല്ലപ്പള്ളിയിൽ തമ്പടിച്ച ഇതരസംസ്ഥാന തൊഴിലാളി സംഘത്തിലേക്ക്. കവർച്ചയ്ക്ക് ഏതാനും ദിവസം മുമ്പ് 15ഓളം വരുന്ന സംഘം മല്ലപ്പള്ളിയിലെത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഉത്തരേന്ത്യൻ സ്വദേശികളാണ് ഇവർ. ഇതിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം മുതൽ കാണാനില്ല.
കവർച്ചയ്ക്ക് പിന്നിൽ ഈ മൂന്ന് പേരാണോ, മറ്റ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇതുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.അതേസമയം, അങ്കമാലിയിൽ സമാനമായ ഒരു കേസിൽ ഒരു വർഷം മുമ്പ് അകത്തായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ബീഹാർ സ്വദേശികളായ ഇവർക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കാണാതായ മൂന്ന് പേരിൽ രണ്ട് പേർ ഇവരാണോയെന്ന സംശയം പൊലീസിനുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കേസ് അന്വേഷണം ഊർജിതമാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
കവർച്ച നടന്ന സമയങ്ങളിൽ എ.ടി.എമ്മുകൾക്ക് സമീപത്തെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് കോളുകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഏതാനും നമ്പറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് തൃപ്പൂണിത്തുറ ഇരുമ്പനത്തും ചാലക്കുടി കൊരട്ടിയിലും കവർച്ച നടന്നത്. ഇരുമ്പനത്ത് എത്തുംമുമ്പ് കോട്ടയത്തു രണ്ട് എ.ടി.എമ്മുകളിൽ കവർച്ചശ്രമവും നടത്തിയിരുന്നു. കവർച്ചയ്ക്ക പിന്നിൽ ഒരേ സംഘമാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് ധൻബാദിലേക്ക് പോയ എക്സ്പ്രസിലാണ് കവർച്ചസംഘം രക്ഷപ്പെട്ടതെന്ന നിഗമനത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറിയിട്ടുണ്ട്.സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ കവർച്ചക്കാരെ തിരിച്ചറിയുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.