jagadheesh-sidhique

തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ അമ്മയിലെ ഭിന്നത കൂടുതൽ മറ നീക്കി പുറത്തു വരുന്നു. കഴിഞ്ഞ ദിവസം നടൻ സിദ്ദിഖും, കെ.പി.എ.സി ലളിതയും നടത്തിയ പരാമർ‌ശങ്ങൾ കടുത്ത സ്ത്രീ വിരുദ്ധമാണെന്ന് അമ്മയുടെ ഔദ്യോഗിക വക്താവും ട്രഷററുമായ നടൻ ജഗദീഷ് വ്യക്തമാക്കി. 'ഇരയായ നടി പോലും മാപ്പ് പറയണം എന്ന് പറഞ്ഞത് കടുത്ത തെറ്റ് തന്നെയാണ്. സമൂഹ മന:സാക്ഷി അവരെ അൽപം പോലും കണക്കിലെടുക്കില്ല. എനിക്ക് രണ്ട് പെൺകുട്ടികളാണ്. ധാർമികമല്ലാത്തതൊന്നും ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല' -ജഗദീഷ് പറഞ്ഞു.

ലളിത ചേച്ചിയെ ഇന്നലെ പിടിച്ചിരുത്തിയതെന്തിനായിരുന്നു. ഇതിലാരുടെയെങ്കിലും ഇൻഫ്ളുവൻസ് ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അത് അന്വേഷണം നടത്തേണ്ടത് തന്നെയാണ്. അവരുടെ ഇരുവരുടെയും അഭിപ്രായമല്ല അമ്മയുടേത്. സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിനോ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കോ അത്തരത്തിലൊരു അഭിപ്രായമില്ല.

സിദ്ദിഖ് ഒറ്റയ്‌ക്കിരുന്നല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. അതിനാണ് ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയുള്ളത്. കാര്യങ്ങൾ പരിഹരിക്കുമെന്ന് ഡബ്ല്യു.സി.സിക്ക് വാക്ക് കൊടുത്തത് അമ്മയുടെ പ്രസിഡന്റാണ്. അതവർ ഓർക്കണമായിരുന്നു. അമ്മയുടെ എല്ലാ അംഗങ്ങൾക്കും അവരവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാൻ അവകാശമുണ്ട്. അതിന് അവസരം ഒരുക്കാതെ ഇതൊന്നും ശരിയല്ല എന്നല്ല പറയേണ്ടത്' -ജഗദീഷ് വ്യക്തമാക്കി.

അമ്മയുടെ ഔദ്യോഗിക വക്താവ് താൻ തന്നെയാണെന്നും, അത് കൂടെക്കൂടെ ഇങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.