ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന. താൻ മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയാൽ കോൺഗ്രസിന് വോട്ട് കുറയുമെന്ന് സിംഗ് പറയുന്ന വീഡിയോ പുറത്ത് വന്നതാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. ഒക്ടോബർ 13നാണ് വീഡിയോ റെക്കാഡ് ചെയ്തെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയപ്പോഴാണ് അത് പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.
എനിക്ക് ഇത്തവണ ഒരു ജോലിയേയുള്ളൂ. പ്രചരണ പരിപാടികൾക്ക് ഇറങ്ങാതിരിക്കുകയോ, പ്രസംഗിക്കാതിരിക്കുകയോ ചെയ്യുക. ഞാൻ പ്രസംഗിച്ചാൽ കോൺഗ്രസിന് വോട്ട് കുറയും. അതിനാൽ പ്രസംഗിക്കാതിരിക്കുന്നതാണ് ഉചിതം- സിംഗ് വീഡിയോയിൽ പറയുന്നു. എം.എൽ.എയായ ജിതു പത്‌വാരിയുടെ വീട്ടിൽ വച്ച് കോൺഗ്രസ് പ്രവർത്തകരോട് അനൗദ്യോഗികമായി സംസാരിക്കുന്പോഴാണ് സിംഗ് ഇങ്ങനെ പറഞ്ഞത്.
ആത്മാർത്ഥമായ പരിശ്രമമില്ലെങ്കിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസിന് ജയിക്കാനാകില്ല. എതിർപ്പുള്ള സ്ഥാനാർത്ഥിയാണെങ്കിൽ പോലും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങണം. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടിയുള്ള ആത്മാർത്ഥമായ പ്രയത്നമാണ് എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടതെന്നും സിംഗ് തുടർന്നും പറയുന്നു.
അതേസമയം, സിംഗിന്റെ പ്രസ്താവന ബി.ജെ.പി ആയുധമാക്കിയിട്ടുണ്ട്. കോൺഗ്രസിലെ മുതിർന്ന അംഗങ്ങളിലൊരാളായ സിംഗിനെ ഇത്തരത്തിൽ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സിംഗിന് ബി.ജെ.പി ഇത്തരമൊരു വേദന സമ്മാനിച്ചിട്ടില്ല. അത് കോൺഗ്രസ് സ്വയം സമ്മാനിക്കുകയായിരുന്നു. സിംഗിന്റെ പോസ്റ്ററുകൾ പോലും കാണാനില്ല. അതിനർത്ഥം അദ്ദേഹത്തിന് കോൺഗ്രസ് പ്രാധാന്യം നൽകുന്നില്ലെന്നാണ് ചൗഹാൻ പറഞ്ഞു.
നവംബർ 28നാണ് മദ്ധ്യപ്രദേശിൽ വോട്ടെടുപ്പ്. ഡിസംബർ 11ന് വോട്ടെണ്ണും.