തിരുവനന്തപുരം: കെ.പി.എ.സി ലളിത ഇടത് സഹയാത്രികയാണെങ്കിലും അവർ ഒരു സംഘടനയുടെ പ്രതിനിധിയായാണ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതിന്റെ ശരി തെറ്റുകൾ അവർ മനസിലാക്കുമെന്നും അതിനെ എതിർക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ തൊഴിൽമേഖലകളിലും പരാതി സെൽ രൂപീകരിക്കണമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി.സി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡബ്ല്യു സി.സി അംഗങ്ങളായ ബീനാ പോൾ, വിധു വിൻസെന്റ് എന്നിവരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഡബ്ല്യു.സി.സി അംഗങ്ങളുടെ വാർത്താസമ്മേളനത്തിന് പിന്നാലെ നടിമാരെ കുറ്റപ്പെടുത്തി അമ്മ അംഗങ്ങളായ സിദ്ദിഖും കെ.പി.എ.സി ലളിതയും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. നടിമാർക്കെതിരെ ഇവർ സ്വീകരിച്ച നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.നടിമാർ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും രാജിവച്ചവർ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെയെന്നുമാണ് കെ.പി.എ.സി ലളിത ഇന്നലെ പറഞ്ഞത്.