പുനലൂർ: രാജ്യത്തെ ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തിന്റെ ഭാഗമായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും സംയുക്തമായ ശിവഗിരിയിൽ നടത്തുന്ന മണ്ഡല മഹായജ്ഞത്തിന്റെയും യതിപൂജയുടെയും വിജയത്തിനായി സംഘടിപ്പിച്ച പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികൾ, പോഷക സംഘനാ നേതാക്കൾ തുടങ്ങിയവരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായങ്ങൾ തമ്മിൽ പരസ്പരം പോരടിച്ചിട്ട് വർത്തമാന കാലത്തിൽ ഒന്നും നേടാനില്ല. മറിച്ച് ഐക്യത്തോടെ നീങ്ങിയാൽ വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിയും. ചരിത്രം അത് തെളിയിച്ചിട്ടുണ്ട്. യോജിക്കാവുന്ന മേഖലകളിൽ യോജിപ്പിന്റെ സ്വരം ഉയരണം. ഭൂരിപക്ഷ സമുദായങ്ങളുടെ പ്രശ്ന പരിഹാരത്തിനായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച നടത്തണം. ഭൂരി പക്ഷത്തിന്റെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഇല്ലായ്മ ചെയ്തുകൊണ്ട് നവ കേരളം സൃഷ്ടിക്കാൻ സാധിക്കില്ല.
പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോട്ടയം സജീഷ് മുഖ്യപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പച്ചയിൽ സന്ദീപ്, യോഗം കൺസിലർ രാജേഷ് നെടുമങ്ങാട്, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, യോഗം ഡയറക്ടർ കെ.ബി. സുഭാഷ്ബാബു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, ബി. ചന്ദ്രബാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഏരൂർ സുനിൽ, സെക്രട്ടറി അഭിലാഷ് കയ്യാണിയിൽ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ഡി. വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു. പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് സ്വാഗതവും യോഗം കൗൺസിലർ വനജ വിദ്യാധരൻ നന്ദിയും പറഞ്ഞു.