തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി രാജ്യത്ത് എല്ലാവർക്കും ബാധകമാണെന്നും അത് നടപ്പിലാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. വിശ്വാസികളുമായി ഒരു ഏറ്റുമുട്ടലിന് സർക്കാർ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''കേരളത്തിന്റെ മതനിരപേക്ഷ മനസ് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബി.ജെ.പിക്കൊപ്പം കോൺഗ്രസും ഈ ഉദ്ധ്യമത്തിൽ ചേർന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിന്റെ പേരിൽ വിശ്വാസികൾക്കിടയിൽ സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബി.ജെ.പിയുടെ സമരത്തിൽ പങ്കെടുക്കുന്ന കോൺഗ്രസുകാർ നാളെ ബി.ജെ.പിയാകുമെന്ന് ഉറപ്പാണ്. സുപ്രീം കോടതി വിധിയെ ചരിത്രപരമാണെന്നാണ് കോൺഗ്രസ് ഹെെക്കമാന്റ് വിശേഷിപ്പിച്ചത്. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു.
എന്നാൽ ഇതിന് പിന്നാലെ സംസ്‌കരഹീനരായ ഒരു സംഘമാളുകൾ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് അണിനിരക്കുകയും ചെയ്തു. കോൺഗ്രസ് ഇത്ര അധഃപതിച്ചല്ലോ എന്ന് നമുക്ക സഹതപിക്കാം''- അദ്ദേഹം പറഞ്ഞു.