alencier

തിരുവനന്തപുരം: മോശമായി പെരുമാറിയെന്ന നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളിൽ പകുതിയിൽ കൂടുതലും അസത്യമാണെന്ന് നടൻ അലൻസിയറുടെ പ്രതികരണം. തന്നെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. സിനിമാ സെറ്റുകളിൽ താൻ എല്ലാവരോടും സൗഹൃദപരമായാണ് ഇടപഴകാറുള്ളതെന്നും അലൻസിയർ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങൾ വിവാദമായതോടെയാണ് താരത്തിന്റെ പ്രതികരണം.

ആഭാസം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ തനിക്ക് അലൻസിയറിൽ നിന്നും ദുരനുഭവം നേരിട്ടെന്ന് നടി വെളിപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ആദ്യം പേര് വെളിപ്പെടുത്താതെ ആരോപണവുമായി രംഗത്തെത്തിയ നടി പിന്നീട് തന്റെ ഫേസ്ബുക്ക് പേജിലൂടെ തനിക്കുണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയിരുന്നു. അതിനിടെ ദിവ്യയ്‌ക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ല്യൂ.സി.സി രംഗത്തെത്തി. തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ ദിവ്യയ്‌ക്ക് പൂർണ പിന്തുണ വാഗ്‌ദ്ധാനം ചെയ്യുന്നു. എപ്പോഴും ദിവ്യയുടെ കൂടെയുണ്ടാകുമെന്നും ഡബ്ല്യൂ.സി.സി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.