saina

ഒഡേൻസെ (ഡെൻമാർക്ക്): ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സെൻസേഷൻ സൈന നെഹ്‌വാൾ ജയിച്ചപ്പോൾ സൂപ്പർ താരം പി.വി. സിന്ധു ഞെട്ടിക്കുന്ന തോൽവിയോടെ ആദ്യ റൗണ്ടിൽ പുറത്തായി. ആദ്യ റൗണ്ട് പോരാട്ടത്തിൽ ഹോങ്കോംഗിന്റെ ഗാൻ യി ചുംഗിനെതിരെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സൈന ജയിച്ചുകയറിയത്. ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി സൈനയുടെ ജയം. എൺപത്തൊന്ന് മിനിറ്ര് നീണ്ട പോരാട്ടത്തിൽ 20-22, 21-17, 24-22നാണ് സൈനയുടെ ജയം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈന ചെംഗിനെതിരെ മത്സരിക്കുന്നത്.

അതേസമയം അമേരിക്കൻ താരം ബെയ്വൻ ഷാംഗാണ് സിന്ധുവിനെ ആദ്യറൗണ്ടിൽ വീഴ്ത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 17-21, 21-16, 18-21 നായിരുന്നു സിന്ധുവിന്റെ തോൽവി. മത്സരം 6 മിനിറ്റ് നീണ്ടു. ഷാംഗിനെതിരെ സിന്ധുവിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ ഓപ്പണിന്റെ ഫൈനലിലും സിന്ധു ഷാംഗിനോടാണ് തോറ്രത്. ജക്കാ‌ർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ശേഷം സിന്ധുവിന്റെ മോശം പ്രകടനം തുടരുന്നതിനാണ് ഡെൻമാർക്ക് ഓപ്പണും സാക്ഷിയായത്. ഏഷ്യൻ ഗെയിംസിന് ശേഷം നടന്ന ജപ്പാൻ ഓപ്പണിൽ സിന്ധു രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു.