കെയ്‌റോ: പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഈജിപ്‌തിൽ 50 കോടി ഡോളർ (ഏകദേശം 3,600 കോടി രൂപ) നിക്ഷേപിക്കും. ഈജിപ്‌ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്‌തഫ മത്‌ബൂലിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്‌ച നടത്തി. രണ്ടുവർഷത്തിനകം നാല് ഹൈപ്പർ മാർക്കറ്റുകളും രണ്ട് ലോജിസ്‌റ്റിക്‌സ് സെന്ററുകളും ആരംഭിക്കാനാണ് പദ്ധതിയെന്ന് യോഗത്തിൽ എം.എ. യൂസഫലി പറഞ്ഞു.
വിദേശ നിക്ഷേപകർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡോ. മുസ്‌തഫ മത്‌ബൂലി പറഞ്ഞു. വിദേശ നിക്ഷേപത്തിന് അനുയോജ്യമായ പ്രദേശങ്ങളുടെ വിശദമായ മാപ്പും സർക്കാർ തയ്യാറാക്കും. ഈജിപ്‌തിലെ ഏറ്റവും വലിയ മത്സ്യ ഫാമുകളുള്ള, പോർട്ട് സയീദിൽ മത്സ്യസംസ്‌കരണ കേന്ദ്രം തുടങ്ങാൻ അദ്ദേഹം ലുലു ഗ്രൂപ്പിനെ ക്ഷണിച്ചു. ന്യൂ സോഹാജ് സിറ്റിയിലെ വാണിജ്യ കേന്ദ്രത്തിൽ ലുലു ഗ്രൂപ്പിന് ലോജസ്‌റ്റിക്‌സ് സെന്ററുകൾ തുടങ്ങാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിക്‌സ്‌ത് ഒക്‌ടോബർ സിറ്റി, ന്യൂ കെയ്‌റോ, അൽ അബൂർ എന്നിവിടങ്ങളിൽ നാല് ഹൈപ്പർ മാർക്കറ്റുകൾ, രണ്ട് ലോജിസ്‌റ്റിക്‌സ് സെന്ററുകൾ എന്നിവ ആരംഭിക്കാനാണ് രണ്ടുവർഷത്തിനകം ലുലു ഗ്രൂപ്പ് 50 കോടി ഡോളർ ചെലവഴിക്കുകയെന്ന് മന്ത്രിസഭാ വക്‌താവ് നാദിർ സാദ് പറഞ്ഞു. ലോജിസ്‌റ്റിക്‌സ് സെന്ററിനായുള്ള സ്ഥലനിർണയത്തിന് ലുലു പ്രതിനിധി സംഘം ഉടൻ സന്ദർശനം നടത്തും. സ്ഥലം ലഭ്യമായാൽ നിർമ്മാണവും ഉടൻ തുടങ്ങും. യോഗത്തിൽ വ്യാപാരമന്ത്രി ഡോ. അലി മെസൽഹി, ഉന്നത മന്ത്രാലയ പ്രതിനിധികൾ, ലുലു ഈജിപ്‌ത് ഡയറക്‌ടർ ജൂസർ രൂപാവാല തുടങ്ങിയവരും സംബന്ധിച്ചു.