തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച മാതൃകയിൽ സംസ്ഥാനത്തെ സുന്നി പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട സ്ത്രീയ്‌ക്കെതിരെ സൈബർ ആക്രമണം. പുരോഗമന മുസ്‌ലിം സ്ത്രീ സംഘടനയായ നിസയുടെ അദ്ധ്യക്ഷ വി.പി.സുഹറയ്‌ക്കെതിരെയാണ് ഒരു സംഘം സൈബർ ആക്രമണം അഴിച്ചുവിട്ടത്. ഇതിനെതിരെ സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ നിരവധി സന്ദേശങ്ങൾ ഫേസ്ബുക്ക് വഴി ലഭിച്ചെന്ന് സുഹറ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
സുന്നി പള്ളികളിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുഹറ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഓൺലൈൻ വഴി നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്ന് സുഹറ പറയുന്നു. തന്റെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത്. നേരത്തെയും സമാനമായ രീതിയിൽ നിരവധി ഭീഷണി സന്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് എപ്പോഴും അപകടകരമാണ്. ആരിൽ നിന്നും നിങ്ങൾക്ക് ഇക്കാര്യത്തിൽ പിന്തുണ ലഭിക്കില്ലെന്നും സുഹറ കൂട്ടിച്ചേർത്തു.