-sabarimala-women-entry

പത്തനംതിട്ട: ശബരിമലയിൽ വരുന്ന സ്ത്രീകളെ തടയാൻ ആരെയും അനുവദിക്കില്ലെന്ന് എ.ഡി.ജി.പി അനിൽ കാന്ത്. വാഹനങ്ങൾ തടഞ്ഞവ‌ർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ, പമ്പയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാർത്ഥിനികളെ ഇറക്കിവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ.ഡി.ജി.പിയുടെ പ്രതികരണം.


നിലയ്‌ക്കലിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം.ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് സ്‌ത്രീകളുൾപ്പെട്ട സംഘം പെൺകുട്ടികളെ ഇറക്കി വിട്ടത്. ബസിൽ പെൺകുട്ടികളെ കണ്ട സംഘം ബസിനകത്തു കയറി ഇവരെ ബലമായി പുറത്തിറക്കുകയായിരുന്നു.കഴിഞ്ഞ എട്ടുദിവസമായി സ്ത്രീകളുടെ സംഘം പമ്പയിലേക്ക് പോകുന്ന ബസുകൾ പരിശോധിച്ച് സ്ത്രീകളില്ല എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മാദ്ധ്യമപ്രവർത്തകർക്ക് പോലും ഇത്തരത്തിൽ മാത്രമെ പോകാൻ സാധിക്കുന്നുള്ളു.

നിലയ്ക്കലിൽ സ്ത്രീകളെ തടയുന്നത് അടക്കമുള്ള സമരമുറകളിലേക്ക് നീങ്ങിയതോടെയാണ് എ.ഡി.ജി.പി അനിൽ കാന്തിനോട് ഉടൻ നിലയ്ക്കലിലേക്ക് പോകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടത്. ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും പൂർണ സംരക്ഷണം ഏർപ്പെടുത്തുമെന്നും ഇന്ന് വൈകുന്നേരത്തോടെ ശക്തമായ രീതിയിൽ പൊലീസ് വിന്യാസം പൂർത്തിയാക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചിരുന്നു.