തിരുവനന്തപുരം: മലയാള സംഗീത പ്രേമികളെ മുഴുവൻ തീരാദുഖത്തിലാഴ്‌ത്തിയാണ് വയലിനിസ്‌റ്റ് ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും ഈ ലോകത്തോട് വിടപറഞ്ഞത്. സെപ്‌തംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റാണ് ഇരുവരും മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയും ഡ്രൈവർ അർജുനും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണ്.
അതേസമയം, അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെയാണെന്ന് അർജുൻ പൊലീസിന് മൊഴി നൽകി. തൃശൂരിൽ നിന്നും താനാണ് വാഹനം ഓടിച്ചത്. എന്നാൽ കൊല്ലത്ത് നിന്നും ബാലഭാസ്‌കർ വാഹനം ഓടിക്കാമെന്ന് പറഞ്ഞ് ഡ്രൈവർ സീറ്റിലെത്തി. മുൻവശത്തെ മറ്റൊരു സീറ്റിലാണ് ഭാര്യയും മകൾ തേജസ്വിനിയും ഇരുന്നിരുന്നതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. അർജുനാണ് വാഹനം ഓടിച്ചതെന്നായിരുന്നു നേരത്തെയുള്ള നിഗമനം.