തൃശൂർ: പ്രമുഖ ഭക്ഷ്യോത്‌പന്ന നിർമ്മാതാക്കളായ ഡബിൾ ഹോഴ്‌സിന്റെ മട്ട ബ്രോക്കൺ അരിയിൽ യാതൊരുവിധ മായവും കലർന്നിട്ടില്ലെന്നും ഫുഡ് സേഫ്‌റ്റി സ്‌റ്റാൻഡേർഡ് പൂർണമായി പാലിക്കുന്ന, ഉന്നത നിലവാരമുള്ള അരിയാണിതെന്നും മൈസൂരിലെ റെഫറൽ ലാബോറട്ടറിയിൽ (സി.എഫ്.ടി.ആർ.ഐ) നിന്നുള്ള പരിശോധനാ റിപ്പോർട്ട്. മട്ട ബ്രോക്കൺ അരിയിൽ മായം കലർന്നിട്ടുണ്ടെന്ന വ്യാജ വാർത്തകളെ തുടർന്ന്, ഫുഡ് സേഫ്‌റ്റി കമ്മിഷണറുടെ നിർദേശ പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫുഡ് സേഫ്‌റ്റി ഉദ്യോഗസ്ഥർ അരി ശേഖരിച്ച് സർക്കാർ അനലിറ്റിക്കൽ ലാബുകളിലേക്ക് അയയ്‌ച്ചിരുന്നു.
അരിയിൽ തവിടിന്റെ അംശം കൂടുതലാണെന്നും സബ് സ്‌റ്റാൻഡേർഡാണെന്നും ആയിരുന്നു തിരുവനന്തപുരം അനലിറ്റിക്കൽ ലാബിൽ നിന്നുള്ള റിപ്പോർട്ട്. തുടർന്ന്, മട്ട ബ്രോക്കൺ അരി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഫുഡ് സേഫ്‌റ്റി കമ്മിഷണർ ഉത്തരവിട്ടു. എന്നാൽ, ഇതിനെതിരെ ഡബിൾ ഹോഴ്‌സ് ഹൈക്കോടതിയെ സമീപിച്ചു. ഡബിൾ ഹോഴ്‌സ് സമർപ്പിച്ച അപ്പീൽ തീർപ്പാകുന്നത് വരെ, അരി വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള ഫുഡ് സേഫ്‌റ്റി കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
തുടർന്നാണ്, ഹൈക്കോടതി നിർദേശ പ്രകാരം അപ്പീൽ നൽകുകയും ഫുഡ് സേഫ്‌റ്റി അധികൃതർ ശേഖരിച്ച അതേ ബാച്ചിലുള്ള അരിയുടെ സാമ്പിൾ മൈസൂരിലെ ലാബിലേക്ക് അയയ്‌ക്കുകയും ചെയ്‌തത്. കമ്പനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡബിൾ ഹോഴ്‌സ് അധികൃതർ പറഞ്ഞു. അപവാദ പ്രചരണങ്ങൾക്ക് ചെവികൊടുക്കാതെ, ഡബിൾ ഹോഴ്‌സിന്റെ ഉത്‌പന്നങ്ങളിൽ പൂർണ വിശ്വാസമർപ്പിച്ച ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.