ബംഗളൂരു : ലോൺ അനുവദിക്കണമെങ്കിൽ ശാരീരികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി അടിച്ച് പഞ്ചറാക്കി. ദക്ഷിണ കർണാടകയിലെ ദാവൻഗരെയിലാണ് സംഭവം. 15 ലക്ഷം രൂപ ലോൺ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയ യുവതിയെ ഡി.എച്ച്.എഫ്.എൽ ബാങ്ക് മാനേജർ വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ടതോടെ യുവതിയുടെ നിയന്തണം തെറ്റി. വീട്ടിൽ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ യുവതി പൊതിരെ തല്ലുന്ന ദൃശ്യങ്ങൾ ആരോ സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു. ബാങ്ക് മാനേജർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഷർട്ടിന്റെ കോളറിനു പിടിച്ച് പുറത്തു കൊണ്ടുവന്ന ശേഷം ഇയാളെ യുവതി കൈകാര്യം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് മാനേജരെ ബാങ്ക് പിരിച്ചുവിട്ടു. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം സൃഷ്ടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡി.എച്ച്.എഫ്.എൽ പത്രക്കുറിപ്പിൽ അറിയിച്ചു.