ന്യൂഡൽഹി: വെസ്‌റ്റൻഡീസ് കോച്ച് സ്റ്റുവർട്ട് ലോയ്ക്ക് അച്ചടക്ക ലംഘനത്തെ തുടർന്ന് രണ്ട് മത്സരങ്ങളിൽനിന്ന് വിലക്കും പിഴ ശിക്ഷയും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചുമത്തി. ഇന്ത്യയ്ക്ക് എതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലാണ് ലോയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്.രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനം കീറോൺ പവൽ പുറത്തായതിൽ അസന്തുഷ്ടനായ ലോ ടി.വി അമ്പയറുടെ മുറിയിൽ എത്തി അസഭ്യം പറഞ്ഞതിനും തുടർന്ന് നാലാം അമ്പയർക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തെത്തി മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചതിനുമാണ് വിലക്ക് കിട്ടിയിരിക്കുന്നത്. ലോയുടെ മാച്ച് ഫീസിൽ നിന്ന് പിഴ ഈടാക്കും.2017 മേയിൽ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്രിനിടെയും അച്ചടക്കലംഘനത്തിന് ലോയ്ക്ക് ശിക്ഷ ലഭിച്ചിരുന്നു.