തിരുവനന്തപുരം: പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ പുനർനിർമിക്കാൻ സഹായം തേടി വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് 17 മന്ത്രിമാരുടെ വിദേശപര്യടനം സർക്കാർ റദ്ദാക്കുന്നു. മന്ത്രിമാർക്ക് വിദേശപര്യടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നൽകിയ അപേക്ഷയും കേന്ദ്രം തള്ളിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
വിദേശയാത്രയുടെ ഉദ്ദേശവും ഫണ്ട് ലഭിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയെങ്കിലും അനുമതി നൽകില്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഇത് സംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചതോടെ ഇനി വിദേശയാത്ര പദ്ധതിയുമായി മുന്നോട്ട് പോകേണ്ടെന്നാണ് സർക്കാർ തീരുമാനം. യാത്രയ്‌ക്ക് അനുമതി കിട്ടിയാലും ഫണ്ട് ശേഖരണം അടക്കമുള്ള മറ്റ് കാര്യങ്ങളിൽ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സർക്കാർ നീക്കമെന്നും സൂചനയുണ്ട്. വരും ദിവസങ്ങളിൽ ഇനി അനുമതി ലഭിച്ചാലും നിശ്ചയിച്ച ഷെഡ്യൂളനുസരിച്ചുള്ള പരിപാടികൾ നടക്കാനിടയില്ല. മന്ത്രിമാരെത്തുന്ന ദിവസം നോക്കിയാണ് പ്രവാസി മലയാളികളുടെ പ്രത്യേക യോഗങ്ങൾ ക്രമീകരിച്ചത്. അതത് രാജ്യങ്ങളിൽ പ്രത്യേകാനുമതി വാങ്ങിയാണ് ലോക കേരളസഭാ പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രവാസി കൂട്ടായ്മകൾ വിളിച്ചതും. യാത്ര നീണ്ടാൽ ഇതെല്ലാം പുനഃക്രമീകരിക്കണം.
നേരത്തെ തന്നെ മന്ത്രിമാരുടെ വിദേശ സന്ദർശനം വിലക്കിയ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് കർശന നിബന്ധനകളോടെ അനുമതി നൽകിയത്. മുഖ്യമന്ത്രി നാളെ യു.എ.ഇയിലേക്ക് പോകും. അബുദാബി, ഷാർജ, ദുബായ് സന്ദർശനത്തിന് ശേഷം 21ന് മടങ്ങിയെത്തും.