sabarimala

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം സംഘർഷത്തിലേക്ക്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയില്ലെന്നും അവർക്ക് സംരക്ഷണം ഒരുക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയതിന് പിന്നാലെ നിലയ്‌ക്കലിൽ പ്രതിഷേധക്കാർ തമിഴ് സ്ത്രീയെയും ബന്ധുവിനെയും ബസിൽ നിന്നിറക്കി മർദ്ദിച്ചു. പ്രതിഷേധക്കാർ നിയമം കയ്യിലെടുത്തിട്ടും പൊലീസ് കാഴ്‌ച്ചക്കാരായി നിന്നുവെന്ന് ആക്ഷേപമുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘർഷം തുടരുകയാണെന്നാണ് വിവരം.

ഇന്ന് രാവിലെ മുതൽ തന്നെ പമ്പയിലേക്ക് പോകുന്ന വാഹനങ്ങൾ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടാൻ പ്രതിഷേധക്കാർ സംഘടിച്ചിരുന്നു. രാവിലെ 11 മണിക്ക് എത്തിയ ബസിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ സമരക്കാർ ഇറക്കിവിട്ടിരുന്നു. തുടർന്ന് നിയമം കയ്യിലെടുത്തുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷയ്‌ക്ക് കൂടുതൽ പൊലീസുകാരെയും നിലയ്‌ക്കലിലേക്ക് നിയോഗിച്ചിരുന്നു. വനിതാ പൊലീസുകാർ അടക്കമുള്ള പൊലീസ് സംഘം നോക്കിനിൽക്കെയാണ് രാത്രി എട്ടരയോടെ പമ്പയിലേക്ക് പോയ ബസിൽ നിന്നും തമിഴ് സ്ത്രീയെയും ബന്ധുവിനെയും സമരക്കാർ ഇറക്കിവിട്ടത്. ഇവരെ സമരക്കാർ മർദ്ദിക്കുകയും ചെയ്‌തു. ഒടുവിൽ പൊലീസെത്തിയാണ് ഇവരെ രക്ഷിച്ച് വാഹനത്തിൽ കയറ്റിയത്. ഇവർ ശബരിമലയിലേക്ക് പോകാൻ എത്തിയവരാണോ എന്ന് വ്യക്തമല്ല.