കോഴിക്കോട്: പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല സന്ദർശനത്തിനായി കൂടുതൽ യുവതികൾ രംഗത്ത് വരുന്നു. ശബരിമലയിൽ പോകാൻ തീരുമാനിച്ചതായി അറിയിച്ച് കോഴിക്കോട് സ്വദേശി സൂര്യ ദേവാർച്ചന എന്ന പെൺകുട്ടിയാണ് രംഗത്തെത്തിയത്. ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പോയി. പ്രാർത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്ക് പോകാൻ തീരുമാനിച്ചുവെന്ന് സൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിലനിൽക്കുന്ന സാഹചര്യത്തിൽ വ്രതം നോറ്റ് ശബരിമലയിൽ പോകാൻ തയ്യാറായി വരുന്ന സ്ത്രീകൾക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവർ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഭയന്നു നിൽക്കുന്നു. മാലയിടാൻ കാത്തു നിൽക്കുന്നവർ രേഷ്മേച്ചിക്ക് നേരിട്ട ദുരനുഭവത്തെ ഭയത്തോടു നോക്കിക്കാണുന്നു. നിലവിൽ മാലയിടാൻ തയ്യാറായ സ്ത്രീകൾക്ക് വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും വിലക്കേർപ്പെടുന്നു.
എന്റെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം ഞാൻ മലയ്ക്കു പോയിട്ടുള്ളതാണ്. ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാൻ വിശ്വസിക്കുന്നു. അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തിൽ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളർത്തമ്മയുടെ അസുഖം മാറാൻ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിദ്ധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാൻ കഴിയുക?
സുപ്രീം കോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ച് കൊണ്ട് ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പോയി.
പ്രാർത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാൻ തീരുമാനിച്ചു. ഗവൺമെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയിൽ ചെന്ന് അയ്യപ്പദർശനം സാധ്യമാകുമെന്നും കരുതുന്നു.