കോഴിക്കോട്: പുതുതായി ആരംഭിക്കുന്ന കൊച്ചുവേളി-ബാനസ്‌വാടി ഹംസഫർ എക്സ്‌പ്രസ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം 20ന് രാവിലെ 11 മണിക്ക് കൊച്ചുവേളി സ്റ്റേഷനിൽ നിന്ന് ഫ്ളാഗ് ഒാഫ് ചെയ്യും. ട്രെയിനിന്റെ റിസർവേഷൻ ഇന്ന് രാവിലെ 8ന് ആരംഭിക്കും. ആഴ്ചയിൽ രണ്ട് തവണയാണ് സർവീസ് നടത്തുക. പൂജ അവധി സമയത്ത് ബംഗളൂരുവിലേക്ക് റിസർവേഷൻ ലഭിക്കാൻ കഷ്ടപ്പെടുന്ന സമയത്ത് തന്നെ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകം. കൊച്ചുവേളി- ബാനസ്‌വാടി ഹംസഫർ എക്സ്‌പ്രസ് (നമ്പർ16319) വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.05 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ബാനസ്‌വാടയിൽ എത്തും. ബാനസ്‌വാടി-കൊച്ചുവേളി ട്രെയിൻ (നമ്പർ163290) വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 7 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, ബംഗരപ്പേട്ട്, വൈറ്റ് ഫീൽഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.15 എ.സി ത്രീ ടയർ കോച്ചുകളുമായിട്ടാണ് സർവീസ് നടത്തുക.
ബാനസ്‌വാടി-കൊച്ചുവേളി ട്രെയിൻ (നമ്പർ163290) ഈ മാസം 21 മുതലും കൊച്ചുവേളി- ബാനസ്‌വാടി ട്രെയിൻ (നമ്പർ16319) 25 മുതലുമാണ് റഗുലർ സർവീസ് നടത്തുക.