isl

ഐ.എസ്.എല്ലിൽ ഇന്ന് എ.ടി.കെ - ഡൽഹി ഡൈനാമോസ് പോരാട്ടം

ന്യൂഡൽഹി: ഐ.എസ്.എല്ലിൽ പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പന്തുരുളുന്നു. ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ഡൽഹി ഡൈനാമോസ് കൊൽക്കത്തൻ ക്ലബ് എ.ടി.കെയെ നേരിടും. ഡൽഹി ഡൈനാമോസിന്റെ തട്ടകമായ ഡൽഹിയിലെ ജവഹർ ലാൽ നെഹ്റു സ്റ്രേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്.

രണ്ട് തവണ ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയിട്ടുള്ള എ.ടി.കെ ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്ര് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയും നോർത്ത് ഈസ്റ്ര് യുണൈറ്രഡിനെതിരെയുമായിരുന്നു എ.ടി.കെയുടെ തോൽവികൾ. മറുവശത്ത് ഡൽഹി പൂനെയുമായിട്ട് കളിച്ച ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞിരുന്നു. പോയിന്റ് ടേബിളിൽ ആറാംസ്ഥാനത്താണവർ.

ഇരു ടീമും ഇതുവരെ ഏറ്രുമുട്ടിയ എട്ട് മത്സരങ്ങളിൽ നാലും സമനിലയായിരുന്നു. രണ്ട് വീതം മത്സരങ്ങളിൽ ഇരുടീമും ജയിച്ചിട്ടുണ്ട്. സ്‌റ്രീവ് കോപ്പൽ പരിശീലിപ്പിക്കുന്ന എടികെ ഡൽഹിയിൽ ഒരു വിജയത്തുടക്കത്തിനാണ് ശ്രമിക്കുന്നത്. കാലു ഉച്ചെ, ലാൻസറോട്ടി,എവർട്ടൺ സാന്റോസ് തുടങ്ങിയ സൂപ്പർ താരങ്ങളൊന്നും പ്രതീക്ഷയ്ക്കൊത്തുയരാത്തതാണ് എ ടി കെയെ കുഴയ്ക്കുന്നത്. മറുവശത്ത് ജോസഫ് ഗോമ്പൗ പരിശീലിപ്പിക്കുന്ന ഡൽഹി ഡൈനാമോസും സീസണിലെ ആദ്യ ജയമാണ് പ്രതീക്ഷിക്കുന്നത്. റൗണ ഘരാമിയുടെ ഗോളിൽ ലീഡെടുത്ത ശേഷമാണ് അവർ ആദ്യ മത്സരത്തിൽ അവസാന നിമിഷം വഴങ്ങിയ ഗോളിൽ സമനിലയിൽ കുടുങ്ങിയത്.